റിയാദിൽ കാണാതായ ചെന്ത്രാപ്പിന്നി സ്വദേശി മരിച്ചെന്ന് സ്ഥിരീകരണം
text_fieldsകയ്പമംഗലം: സൗദിയിലെ റിയാദിൽ ജോലി ചെയ്യുന്ന ചെന്ത്രാപ്പിന്നി സ്വദേശി മരിച്ചതായി കുടുംബത്തിന് വിവരം ലഭിച്ചത് 100 ദിവസത്തിനു ശേഷം. ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശിയും റിയാദിലെ അൽമുഹൈദീബ് കമ്പനിയിലെ ജീവനക്കാരനുമായ തളിക്കുളം മുഹമ്മദാണ് (സെയ്തു -57) മേയ് 30ന് മരണപ്പെട്ടതായി ബുധനാഴ്ച കുടുംബത്തിന് വിവരം ലഭിച്ചത്.
പനി ബാധിച്ച് അൽശുമൈശി ആശുപത്രിയിൽ ചികിത്സക്കെത്തിയ ഇയാളെ മേയ് 28 മുതൽ കാണാതായിരുന്നു. ഇക്കാര്യം റൂംമേറ്റുകൾ 31ന് വീട്ടുകാരെ അറിയിക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ കമ്പനിയിലും ഹോസ്പിറ്റലിലുമടക്കം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മേയ് 25ന് പെരുന്നാൾ ദിനത്തിലാണ് ഇദ്ദേഹം അവസാനമായി വീട്ടിലേക്ക് വിളിച്ചത്. മകൻ ഫഹദിനോട് പെരുന്നാൾ ആശംസ അറിയിച്ചപ്പോഴേക്കും നെറ്റ്കോൾ കട്ടായി. 27 മുതൽ കുടുംബം ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല. തുടർന്നാണ് 31ന് റൂം മേറ്റുകൾ ഫോൺ അറ്റൻറ് ചെയ്ത് കാണാതായ വിവരം അറിയിച്ചത്. പ്രമേഹം വർധിച്ചതിനെ തുടർന്ന് ഓർമക്കുറവ് അനുഭവപ്പെട്ടിരുന്നതായും ആശുപത്രി വിട്ട ശേഷമാണ് കാണാതായതെന്നുമാണ് അന്ന് ലഭിച്ച വിവരം.
എന്നാൽ, ആശുപത്രിക്ക് പുറത്തുവെച്ച് ഹൃദയാഘാതം വന്ന് മരണപ്പെട്ട ഇദ്ദേഹത്തിെൻറ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.മതിയായ രേഖകൾ ഇല്ലാത്തതിനാൽ ബന്ധുക്കളെ കാത്ത് മൃതദേഹം ആഗസ്റ്റ് 31 വരെ വെച്ചെങ്കിലും പിന്നീട് മറവു ചെയ്യുകയായിരുന്നു. ഈസമയത്ത് അധികൃതർ ഇദ്ദേഹത്തിെൻറ വിരലടയാളം എടുത്തുവെച്ചതാണ് വഴിത്തിരിവായത്. ഭാര്യ ഫമിത നൽകിയ പരാതിയെ തുടർന്ന്, കമ്പനിയും ഊർജിതമായ അന്വേഷണം നടത്തിയിരുന്നു.
മാത്രമല്ല, കണ്ടെത്തുന്നവർക്ക് 5000 സൗദി റിയാൽ പാരിതോഷികം പ്രഖ്യാപിക്കുകയുമുണ്ടായി. ഇതിനിടെ, റിയാദിലെ ബന്ധുക്കൾ നിരവധി തവണ മോർച്ചറിയിലെത്തി അജ്ഞാത മൃതദേഹങ്ങൾ പരിശോധിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.കഴിഞ്ഞ ദിവസം മറവുചെയ്തവരുടെ വിരലടയാളം ഒത്തുനോക്കിയപ്പോഴാണ് മരണം സ്ഥിരീകരിക്കാനായത്. മക്കൾ: ഷിഫ, ഫഹിമ, ഫഹദ്. മരുമക്കൾ: ഫൈസൽ, നജീബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.