റിയാസ് മൗലവി വധം: കേസിൽ യു.എ.പി.എ ചേർത്തില്ല
text_fieldsകാസർകോട്: ചൂരി ഇസ്സത്തുൽ ഇസ്ലാം മദ്റസ അധ്യാപകൻ കുടക് എരുമാട് സ്വദേശി റിയാസ് മൗലവിയെ കഴുത്തുവെട്ടി കൊലപ്പെടുത്തിയ കേസിൽ യു.എ.പി.എ വകുപ്പ് ചേർക്കാത്തത് ചർച്ചയാകുന്നു. പ്രതികൾ വർഗീയകലാപമുണ്ടാക്കാനുള്ള ശ്രമംനടത്തിയെന്ന് അന്വേഷണസംഘംതന്നെ വെളിപ്പെടുത്തിയ കേസിൽ യു.എ.പി.എ പോലുള്ള വകുപ്പ് ചേർക്കാതെ പ്രതികളെ റിമാൻഡ് ചെയ്തതാണ് ചർച്ചക്ക് വഴിെവച്ചത്. വർഗീയവിദ്വേഷം മാത്രം കാരണമായ കൊല സൃഷ്ടിച്ചത് ഭീകരാന്തരീക്ഷമാണ്. പ്രത്യേക വിഭാഗത്തിൽപെട്ടയാളെ കൊല്ലുകയെന്ന ലക്ഷ്യംെവച്ച് നീങ്ങുകയായിരുന്നു പ്രതികൾ. പള്ളിക്ക് മുന്നിലെത്തി കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സംഭവം ആരും കാണാതിരുന്നതിനാൽ യു.എ.പി.എ ആവശ്യമില്ല എന്ന നിലപാടിലാണ് അന്വേഷണസംഘം.
യു.എ.പി.എ വകുപ്പ് 15 പ്രകാരം ചൂരിയിൽ മദ്റസ അധ്യാപകനുനേരെ നടന്നത് ഭീകരാക്രമണമാണെന്ന് മുൻ അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ സി. ഷുക്കൂർ ‘മാധ്യമ’ത്തോട് പറഞ്ഞു. പുറത്തുനിന്ന് പദ്ധതി ആസൂത്രണം നടത്തി അസമയത്ത് പള്ളിക്കുനേരെ കല്ലെറിഞ്ഞും മറ്റൊരാളെ കല്ലെറിഞ്ഞ് ഒാടിച്ചുമാണ് മൗലവിയെ കൊലപ്പെടുത്തിയത്. ഇത് അത്യന്തം ഭീകരമാണ്. യു.എ.പി.എ ചേർക്കേണ്ട സംഭവമാണ് ചൂരിയിൽ നടന്നത്. ഗൂഢാലോചനവകുപ്പും ചേർത്തിട്ടില്ല. കൊലക്ക് പ്രേരണയാകുന്നതരത്തിൽ മീപ്പുഗിരിയിൽ നടന്ന ബി.ജെ.പി നേതാവിെൻറ പ്രസംഗം അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണസംഘത്തിെൻറ റിപ്പോർട്ടിൽ കേസിനെ ദുർബലപ്പെടുത്തുന്ന വാദങ്ങൾക്ക് പ്രാധാന്യം നൽകിയെന്നതാണ് മറ്റൊരു ആക്ഷേപം. വർഗീയകലാപം അഴിച്ചുവിടാൻ ശ്രമിച്ചുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചപ്പോൾതന്നെ പ്രതികൾ സംഭവത്തിനുമുമ്പ് മാർച്ച് 18ന് മദ്യപിച്ച് വഴക്കുണ്ടാക്കിയെന്നും ശേഷം മൗലവിയെ കൊലപ്പെടുത്താൻ പോകും മുമ്പും മദ്യപിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇത് കേസിനെ ദുർബലപ്പെടുത്തുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്. പ്രതികൾ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് അറിയുന്നത് പ്രതികൾ പറഞ്ഞതുകൊണ്ടാെണന്ന് വ്യക്തമായിരിക്കെ മദ്യത്തെ റിപ്പോർട്ടിലേക്ക് കൊണ്ടുവന്നത് പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള സാധ്യതക്ക് മങ്ങലേൽപിക്കുന്നു.
റിയാസ് മൗലവി വധം: കുറ്റപത്രം 90 ദിവസത്തിനകം
കാസർകോട്: റിയാസ് മൗലവി വധക്കേസിലെ പ്രതികൾക്കുള്ള കുറ്റപത്രം 90 ദിവസത്തിനകം നൽകുമെന്ന് അന്വേഷണസംഘം പറഞ്ഞു. ചട്ടപ്രകാരം മൂന്നു മാസത്തിനകം നൽകിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യംലഭിക്കും. അതിവേഗത്തിൽ കേസുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിലേക്ക് നീങ്ങും. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. തിരിച്ചറിയൽ പരേഡ് നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.