റിയാസ് മൗലവി വധം: പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ നൽകി
text_fieldsകൊച്ചി: കാസർകോട് റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട കാസർകോട് സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ ഹൈകോടതിയിൽ അപ്പീൽ നൽകി. ഒന്നുമുതൽ മൂന്നുവരെ പ്രതികളായ അജേഷ്, നിഥിൻകുമാർ, അഖിലേഷ് എന്നിവരെ വെറുതെവിട്ട മാർച്ച് 30ലെ ഉത്തരവ് ചോദ്യം ചെയ്താണ് ഹരജി. മതസ്പർധയുടെ ഭാഗമായി 2017 മാർച്ച് 20ന് മഥൂർ മുഹ്യിദ്ദീൻ പള്ളിയിൽ കയറി രാത്രി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിൽ ശാസ്ത്രീയവും ഡിജിറ്റലുമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നതായി അപ്പീൽ ഹരജിയിൽ പറയുന്നു. പ്രതികൾ കുറ്റകൃത്യം നിർവഹിച്ചുവെന്ന് കൃത്യമായി ബോധ്യപ്പെടുത്തുന്ന തെളിവുകൾ ഹാജരാക്കി. 97 സാക്ഷികളെ വിസ്തരിക്കുകയും 375 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രതികളുടെ ഉദ്ദേശ്യം, കൃത്യസമയത്തും ഉടനെയും പ്രതികളെ തിരിച്ചറിഞ്ഞ സാക്ഷികളുടെ മൊഴികൾ, കോടതിയിലും തിരിച്ചറിയൽ പരേഡിലൂടെയുമുള്ള തിരിച്ചറിയൽ വിശദാംശങ്ങൾ, പ്രതികളും റിയാസ് മൗലവിയും ധരിച്ച വസ്ത്രങ്ങൾ, ഒന്നാം പ്രതി കൊലക്ക് ഉപയോഗിച്ച കത്തി, വസ്ത്രങ്ങളുടെയും കത്തിയുടെയും ഉൾപ്പെടെ മറ്റ് തൊണ്ടി വസ്തുക്കളുടെ ഡി.എൻ.എ പരിശോധനഫലം, പ്രതിയുടെയും മൗലവിയുടെയും ഫോൺ കാൾ വിവരങ്ങൾ എന്നിവയെല്ലാം സമർപ്പിച്ചിരുന്നു. പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് നിയമവിരുദ്ധവും തെറ്റായ വിശകലനത്തിന്‍റെ ഫലമാണെന്നും ഹരജിയിൽ പറയുന്നു.
മുസ്ലിം സമുദായത്തോട് വെറുപ്പുനിറഞ്ഞ മനസ്സോടെ ഏതെങ്കിലും മുസ്ലിം വിഭാഗക്കാരനെ വധിക്കാൻ കരുതിക്കൂട്ടി മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ കൊലപാതകമാണിതെന്നാണ് അപ്പീൽ ഹരജിയിലെ വാദം. 2019 മുതൽ എട്ട് പ്രിസൈഡിങ് ഓഫിസർമാരാണ് കേസ് കേട്ടത്. കൃത്യവും അവഗണിക്കാനാവാത്തതും ശക്തവുമായ സാഹചര്യത്തെളിവുകൾ സമർപ്പിച്ചിരുന്നു. സാക്ഷി മൊഴികളും മറ്റ് തെളിവുകളുമടക്കം ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ, പ്രതികളുടെ പ്രായവും ഏറക്കുറെ കൃത്യമായ രൂപരേഖയുമടക്കം പൊലീസ് ഉദ്യോഗസ്ഥനോടും കോടതിയിലും കൃത്യമായ മൊഴി നൽകിയ രണ്ടാം സാക്ഷിയുടെ മൊഴിപോലും വിശ്വസനീയമല്ലെന്ന് പറഞ്ഞ് വിചാരണക്കോടതി തള്ളി.
സംഭവം കഴിഞ്ഞയുടനെ മൂന്ന് പ്രതികളെയും കണ്ട് തിരിച്ചറിഞ്ഞ മൂന്നാം സാക്ഷിയെയും അവിശ്വസിച്ചു. പള്ളിയിലെ അൗൺസ്മെന്‍റ് കേട്ട് പള്ളിക്കടുത്ത് എത്തിയപ്പോഴാണ് പ്രതികൾ ബൈക്കിൽ മടങ്ങുന്ന ഈ സാക്ഷി കണ്ടത്. തിരിച്ചറിയൽ പരേഡിലും ഇവരെ സാക്ഷി തിരിച്ചറിഞ്ഞു. എന്നാൽ, സ്ഥാപിത നിയമത്തിന് വിരുദ്ധവും ദുർബലവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മൂന്നാം സാക്ഷിയുടെ മൊഴി വിശ്വസനീയമല്ലെന്നാണ് വിചാരണക്കോടതി രേഖപ്പെടുത്തിയത്.
തെളിവ് നിയമപ്രകാരം സാധുവായ വസ്തുതാപരമായ തെളിവുകളെ തള്ളിക്കളഞ്ഞു. ഇത് തെറ്റായ നടപടിയാണ്. പ്രമുഖ ആർ.എസ്.എസ് പ്രവർത്തകരുമായി അടുത്തബന്ധം തെളിയിക്കുന്നതും കൃത്യം നടക്കുന്ന സമയത്ത് പ്രതികളുടെ പള്ളിയിലെ സാന്നിധ്യം തെളിയിക്കുന്നതുമായ ഫോൺ കാൾ വിവരങ്ങൾ തെളിവായി നൽകിയിരുന്നു. നീതീകരിക്കാനാവാത്ത കാരണങ്ങളാൽ ഇതും കോടതി തള്ളിയെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.