റിയാസ് മൗലവി വധം: വിചാരണ ഇന്ന് തുടങ്ങും
text_fieldsകാസർകോട്: റിയാസ് മൗലവി വധക്കേസിെൻറ വിചാരണ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തിങ്കളാഴ്ച ആരംഭിക്കും. കേസിൽ അഡ്വ. എം. അശോകനെ സ്പെഷൽ പ്രോസിക്യൂട്ടറായി സർക്കാർ നേരത്തേ നിയോഗിച്ചിരുന്നു. 2017 മാർച്ച് 21ന് പുലർച്ചയാണ് കർണാടക കുടക് സ്വദേശിയും പഴയ ചൂരി മുഹ്യിദ്ദീൻ ജുമാമസ്ജിദിലെ മുഅദ്ദീനുമായിരുന്ന റിയാസ് മൗലവിയെ (32) ചൂരി ജുമാമസ്ജിദിലെ താമസസ്ഥലത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
സംഭവത്തിൽ ആർ.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിൻ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖിൽ (25) എന്നിവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 1000 പേജുള്ള കുറ്റപത്രമാണ് പ്രതികൾക്കെതിരെ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്. കൊലപാതകം, വർഗീയചേരിതിരിവ് ഉണ്ടാക്കാനുള്ള ശ്രമം, അതിക്രമിച്ചുകയറൽ, ആരാധനാലയം ആക്രമിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇപ്പോഴത്തെ ജില്ല പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസിെൻറ നേതൃത്വത്തിൽ ക്രൈംബ്രാഞ്ചിെൻറ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
കേസിൽ നൂറോളം സാക്ഷികളുണ്ട്. കഴിഞ്ഞ മാർച്ച് അഞ്ചിന് തുടങ്ങേണ്ടിയിരുന്ന വിചാരണ, പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ ഹൈകോടതിയെ സമീപിച്ചതോടെ വൈകുകയായിരുന്നു. ഹരജി പരിഗണിച്ച ഹൈകോടതി ആവശ്യം വിചാരണകോടതിക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.