റിയാസ് മൗലവി വധം: കുറ്റപത്രം കുറ്റമറ്റതെന്ന് സ്പെഷൽ പ്രോസിക്യൂട്ടർ
text_fieldsകാസർകോട്: റിയാസ് മൗലവി വധക്കേസിന്റെ വിധിയുടെ കുറ്റപത്രം കുറ്റമറ്റതാണെന്നും ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന പ്രചാരണങ്ങൾ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ളതാണെന്നും സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ടി. ഷാജിത്ത് പറഞ്ഞു. കാസർകോട് പ്രസ് ക്ലബിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നൂറോളം സാക്ഷികളിൽ 97 സാക്ഷികളെയും പ്രോസിക്യൂട്ട് ചെയ്തു. 25 വർഷത്തെ അനുഭവത്തിൽ ആദ്യമായിട്ടാണ് മാധ്യമങ്ങളുടെ മുന്നിൽ കേസിന്റെ മെറിറ്റ് വെളിപ്പെടുത്തേണ്ടിവന്നത്. ഇപ്പോൾ എല്ലാവരും ക്രൂശിക്കുന്നത് സ്പെഷൽ പ്രോസിക്യൂട്ടറെയും അന്വേഷണ ഏജൻസിയേയുമാണ്. കഴിഞ്ഞ ഏഴു വർഷവും ഏഴുദിവസവും ജാമ്യംപോലും ലഭിക്കാതെ പ്രതികൾ അകത്തുകിടന്നത് പ്രോസിക്യൂഷൻ വാദം ശക്തമായതുകൊണ്ടാണ്.
ഈ കേസിൽ മൗലവിയുടെ സിം കാർഡ്, മൊബൈൽ ഫോൺ എന്നിവ പരിശോധിക്കേണ്ടതില്ല. ഡിഫൻസ് വക്കീൽ അതിനെ കുറിച്ച് ചോദിച്ചില്ലല്ലോ?. ഒന്നാംപ്രതിയുടെ വസ്ത്രമടക്കം ഡി.എൻ.എ ടെസ്റ്റിന് വിധേയമാക്കിയിരുന്നു. 81ാം സാക്ഷി മുതൽ നാലുപേരായ ആർ.എസ്.എസ് പ്രവർത്തകർ, പ്രതികളായ മൂന്നുപേർക്ക് ആർ.എസ്.എസ് ബന്ധം സാധൂകരിക്കുന്ന മൊഴികൾ നൽകിയതും കോടതിയിൽ സമർപ്പിച്ചതാണ്. അഡീഷനൽ സാക്ഷികളെയടക്കം കൊണ്ടുവന്ന കേസാണിത്. എന്നിട്ടും, പ്രോസിക്യൂട്ടറെയും അന്വേഷണ ഏജൻസിയേയും കുറ്റപ്പെടുത്തുകയാണ്. ആവശ്യമെങ്കിൽ ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.
കാസർകോട്ട് ഒരു കേസിൽ യു.എ.പി.എ ചുമത്തിയാൽ മറ്റ് കേസുകളിലും ഇത് ചുമത്തേണ്ടിവരും. സർക്കാറിന്റെ നയംതന്നെ യു.എ.പി.എ ഒഴിവാക്കണമെന്നാണ്. അതാണ് ഈ കേസിൽ യു.എ.പി.എ ചുമത്താതിരുന്നത്. റിയാസ് മൗലവി വധക്കേസിൽ പൊലീസിനും സ്പെഷൽ പ്രോസിക്യൂട്ടർക്കും വീഴ്ചപറ്റിയിട്ടില്ല. ആവശ്യമായ എല്ലാ തെളിവുകളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ആക്ഷൻ കമ്മിറ്റി പ്രതിനിധികളായ മുഹമ്മദ് ഇംതിയാസ്, സി.എസ്. സുലൈമാൻ, സി.എച്ച്. അബ്ദുല്ലക്കുഞ്ഞി, അഡ്വ. സി. ഷുക്കൂർ, സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. ടി. ഷാജിത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.