റിയാസ് മൗലവി വധം: കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: കാസര്‍കോട് ചൂരിയിലെ മദ്റസ അധ്യാപകനായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ആർ.എസ്.എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികളെയും വെറുതെവിട്ട കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്ന് എസ്.ഡി.പി.ഐ. ഫോറന്‍സിക് തെളിവ് ഉള്‍പ്പെടെ പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുകള്‍ ഉള്ള കേസില്‍ പ്രതികള്‍ കുറ്റവിമുക്തരാക്കപ്പെട്ടത് നിയമവൃത്തങ്ങളെ പോലും അമ്പരപ്പിക്കുന്നതാണ്.
ആർ.എസ്.എസുകാര്‍ പ്രതിപ്പട്ടികയില്‍ വരുമ്പോഴെല്ലാം കേസന്വേഷണത്തിലുള്‍പ്പെടെയുണ്ടാകുന്ന നിര്‍ലജ്ജമായ നിസംഗത നീതിയെ കാംക്ഷിക്കുന്നവരെ നിരാശരാക്കുന്നതാണ്. 2017 മാര്‍ച്ച് 20 ന് യാതൊരു പ്രകോപനവുമില്ലാതെയാണ് യുവ പണ്ഡിതനെ പള്ളിക്കുള്ളില്‍ കടന്നുകയറി കഴുത്തറുത്ത് കൊന്നത്. തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടുകളാണ് പല കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായത്.
വര്‍ഗീയ സംഘര്‍ഷങ്ങളും ഏകപക്ഷീയമായ കൊലപാതകങ്ങളും ആവര്‍ത്തിക്കപ്പെടുന്ന കാസര്‍കോട് ജില്ലയില്‍ നടന്ന കൊലപാതകത്തില്‍ ആർ.എസ്.എസ് ഉന്നതങ്ങളില്‍ നടന്ന ഗൂഢാലോചന സംബന്ധിച്ച് സത്യസന്ധമായ അന്വേഷണമുണ്ടായില്ല. സംഘപരിവാര്‍ നേതാവ് കൊല്ലപ്പെട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്നതിനു മുമ്പുതന്നെ മുഴുവന്‍ പ്രതികളെയും വധശിക്ഷക്ക് വിധിച്ചുകൊണ്ടുള്ള വിധി വന്ന് ആഴ്ചകള്‍ പിന്നിടുന്നതിനു മുമ്പാണ് അത്യപൂര്‍വമായ കൊലപാതകത്തില്‍ ആർ.എസ്.എസ് പ്രവർത്തകർ കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നത്. ഇത്തരം വിധികള്‍ നീതിനിര്‍വഹണ സംവിധാനത്തിലുള്ള പൗരന്മാരുടെ വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.