റിയാസ് മൗലവി വധം; വീണ്ടുമൊരു െവറുതെ വിടൽ
text_fieldsകാസർകോട്: കാസർകോട്ടെ വർഗീയ കൊലക്കേസുകളിൽ ശിക്ഷിക്കപ്പെടാതെ പോകുന്ന ഒമ്പതാമത്തെ കൊലയായി റിയാസ് മൗലവി വധക്കേസ് വിധി. ബാബരി മസ്ജിദ് തകർത്തതിനു ശേഷമാണ് കാസർകോട്ട് വർഗീയ സംഘർഷങ്ങൾ കൂടിയത്. 2009 മുതൽ 19 വരെയുള്ള പത്തു വർഷങ്ങളിൽ മൗലവിയുടെ ഉൾപ്പെടെ ഒമ്പത് കൊലപാതകങ്ങൾ നടന്നു. അതിനുപുറമെ രാജ്യത്തെ ഏറ്റവും കൂടുതൽ വർഗീയ കേസുകൾ രജിസ്റ്റർ ചെയ്ത രണ്ടാമത്തെ പൊലീസ് സ്റ്റേഷനായി കാസർകോട് ടൗൺ സ്റ്റേഷൻ മാറി.
എട്ട് കൊലപാതകങ്ങളിലെയും പ്രതികൾ രക്ഷപ്പെട്ടത് തെളിവുകളുടെ അഭാവവും സാക്ഷികൾ കൂറുമാറിയതിന്റെയും പ്രതികളെ തിരിച്ചറിയാത്തതിന്റേയും പേരിലായിരുന്നു. എന്നാൽ, റിയാസ് മൗലവി വധക്കേസിൽ ചിത്രം മാറി. ഈ സംഭവത്തോടെ 2017 മാർച്ച് 21ന് ശേഷം കാസർകോട്ട് വർഗീയ സംഘർഷങ്ങൾ ഇല്ലാതായി. അതിനുകാരണം മൗലവി കേസിൽ പൊലീസിന്റെയും പ്രോസിക്യൂഷന്റേയും ശക്തമായ ഇടപെടലായിരുന്നു. യു.എ.പി.എയും ഗൂഢാലോചന കുറ്റവും ചുമത്താത്ത കേസിൽ പ്രതികൾ ഏഴു വർഷം ജയിലിൽ കിടന്നത് ഈ കേസിൽ മാത്രമാണ്. എം.ബി.എസ്.എസ് ഡോക്ടർ കൂടിയായ അന്വേഷണത്തലവൻ ഡോ. എ. ശ്രീനിവാസിന്റെ മികവിലാണ് ഡി.എൻ.എ തെളിവ് കോടതിയിൽ എത്തിച്ചത്. ഇതിനെ പ്രതിഭാഗം ചോദ്യം ചെയ്തില്ല. മൗലവി മരിച്ചുകിടക്കുന്നത് കണ്ട ഒന്നാം സാക്ഷിയും പ്രതികൾ രക്ഷപ്പെടുന്നത് കണ്ട രണ്ടാം സാക്ഷിയും മൂന്നാം സാക്ഷിയും കൂറുമാറാതെ ഉറച്ചുനിന്നു. ടവർ ലൊക്കേഷൻ വളരെ കൃത്യമായിരുന്നു. ഒന്നാം പ്രതിയുടെ വസ്ത്രത്തിൽ രക്തംപുരണ്ടത് ഉൾപ്പെടെ തെളിവുകൾ നൂറോളം വരും. കൊല്ലപ്പെട്ടയാൾക്കും പ്രതികൾക്കും പരസ്പരം അറിയില്ല. വർഗീയ കലാപം ഉണ്ടാക്കുകയെന്നതിനുള്ള സാഹചര്യത്തെളിവും അവതരിപ്പിച്ചു. മുസ്ലിമിനെ കൊല്ലണമെന്നും അവർ പള്ളിയിൽ ഉണ്ടാകുമെന്നും മനസ്സിലാക്കിയാണ് പള്ളി തെരഞ്ഞെടുത്തത്. റിയാസ് മൗലവി കൊല്ലപ്പെടുന്നതിനുമുമ്പ് ചൂരിയിൽമാത്രം മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.
ജഡ്ജിമാർ മാറിക്കൊണ്ടിരുന്നപ്പോഴും പ്രതികൾക്ക് അനുകൂലമായി വന്ന എല്ലാ അപേക്ഷകളും പൊലീസിന്റെ കുരുക്കിൽ തടയപ്പെട്ടു. മൃതദേഹം പോലും കണ്ടുകിട്ടാത്ത സഫിയ കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകിയ അതേ കോടതിയിലാണ് ഇത്രയും തെളിവുകൾ പൊലീസും പ്രോസിക്യൂഷനും ഹാജരാക്കിയിട്ടും കൈകൂപ്പി പ്രതികൾ ഇറങ്ങിപ്പോയത്. പൊലീസും പ്രോസിക്യൂഷനും ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും രേഖകളും പരിശോധിക്കുന്നതിൽ കോടതിക്ക് വീഴ്ച പറ്റി. ഇത് അപ്പീൽ കോടതിയിൽ അവതരിപ്പിക്കു’മെന്ന് മൗലവിയുടെ ഭാര്യ സെയ്ദക്കുവേണ്ടി ഹാജരായ അഡ്വ. സി. ഷുക്കൂർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.