ആർ.ജെ.ഡിയുടെ ‘പരസ്യ പ്രതിഷേധം’ മന്ത്രിസഭ അഴിച്ചുപണി മുന്നിൽക്കണ്ട്
text_fieldsകോഴിക്കോട്: രാജ്യസഭയിലേക്ക് പ്രതീക്ഷിച്ച ടിക്കറ്റും നിഷേധിച്ചതിനുപിന്നാലെ ആർ.ജെ.ഡി പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നത് മന്ത്രിസഭയിലെ അഴിച്ചുപണി മുന്നിൽക്കണ്ട്. മന്ത്രി കെ. രാധാകൃഷ്ണൻ ആലത്തൂരിൽനിന്ന് ജയിച്ച് പാർലമെന്റിലെത്തിയതോടെ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന ദേവസ്വം, പട്ടികജാതി-പട്ടികവർഗം, പിന്നാക്ക ക്ഷേമം, പാർലമെന്ററികാര്യം എന്നീ വകുപ്പുകൾ സി.പി.എമ്മിലെ മറ്റൊരാൾക്ക് ഉടൻ കൈമാറും.
അതിൽ ദേവസ്വമോ, അത് സി.പി.എമ്മിലെ മറ്റൊരു മന്ത്രിക്ക് നൽകിയാൽ പകരമൊരു വകുപ്പോ ആർ.ജെ.ഡിയുടെ ഏക എം.എൽ.എ കെ.പി. മോഹനനായി വാങ്ങിയെടുക്കുകയാണ് ലക്ഷ്യം. പട്ടികജാതി-പട്ടികവർഗം, പിന്നാക്ക ക്ഷേമം എന്നിവ ആ വിഭാഗത്തിൽനിന്നുള്ള സി.പി.എമ്മിന്റെ പുതിയ മന്ത്രിക്കായിരിക്കുമെന്ന് ഉറപ്പായതിനാലാണ് മറ്റു വകുപ്പുകൾ ചോദിക്കുന്നത്.
മന്ത്രിസഭയിലിടം നൽകിയില്ലെങ്കിൽ, മുമ്പ് വി.എസ്. അച്യുതാനന്ദന് അനുവദിച്ച ഭരണ പരിഷ്കാര കമീഷൻ ചെയർമാൻ, ആർ. ബാലകൃഷ്ണപിള്ളക്ക് അനുവദിച്ച മുന്നാക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ പോലുള്ളൊരു കാബിനറ്റ് റാങ്കുള്ള മികച്ച പദവി പാർട്ടിയിലൊരാൾക്ക് നൽകാനാണ് ആവശ്യപ്പെടുന്നത്.
പാർട്ടി എൽ.ഡി.എഫിലെത്തിയത് രാജ്യസഭ എം.പി സ്ഥാനവുമായാണ്. 2022ൽ കാലാവധി അവസാനിച്ചതോടെ ഈ സീറ്റ് സി.പി.ഐക്കാണ് നൽകിയത്. ഇത്തവണ വീണ്ടും സിപി.ഐക്ക് സീറ്റ് കൊടുത്തതിനാൽ അവരിൽനിന്ന് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം വാങ്ങിനൽകി അവഗണന അവസാനിപ്പിക്കണമെന്നും പാർട്ടിയിൽ അഭിപ്രായമുണ്ട്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ, ഒരു എം.എൽ.എ മാത്രമുള്ള ജനാധിപത്യ കേരള കോൺഗ്രസ് (ആന്റണി രാജു), ഐ.എൻ.എൽ (അഹമ്മദ് ദേവർകോവിൽ) എന്നിവരെ ആദ്യവും കോൺഗ്രസ് -എസ് (രാമചന്ദ്രൻ കടന്നപ്പള്ളി), കേരള കോൺഗ്രസ് -ബി (കെ.ബി. ഗണേഷ് കുമാർ) എന്നിവരെ രണ്ടരവർഷത്തിനു ശേഷവും മന്ത്രിമാരാക്കി.
ഈസമയം അവഗണന നേരിട്ട ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാറിന് പാർലമെന്റ് സീറ്റോ രാജ്യസഭ സീറ്റോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അതിനാലാണ് മാതൃപാർട്ടിയായ ജെ.ഡി.എസിന് നൽകിയതിന്റെ പത്തിലൊന്ന് ബോർഡ് മെംബർ, ചെയർമാൻ സ്ഥാനങ്ങൾ പോലും നൽകാതിരുന്നിട്ടും ഉള്ള സ്ഥാനങ്ങൾ രാജിവെക്കുമെന്ന് ഭീഷണിമുഴക്കുകയല്ലാതെ കടുത്ത നടപടികളിലേക്ക് പോകാതിരുന്നത്.
എന്നാൽ, എല്ലാതരത്തിലും അവഗണിച്ചതോടെ പ്രവർത്തകരൊന്നടങ്കം നേതൃത്വത്തിന്റെ ‘പിടിപ്പുകേട്’ ചോദ്യംചെയ്തതോടെയാണ് പാർട്ടി പരസ്യപ്രതിഷേധവുമായി രംഗത്തുവന്നത്. മന്ത്രി പദവിയും ലോക്സഭ, രാജ്യസഭ സീറ്റുകളും നിഷേധിച്ചതിനപ്പുറം മുന്നണി നേതൃസ്ഥാനങ്ങളും ബോർഡ് സ്ഥാനങ്ങളും അനുവദിക്കാത്തതാണ് വലിയ പ്രതിഷേധത്തിനിടയാക്കുന്നത്.
മുമ്പുണ്ടായിരുന്ന എൽ.ഡി.എഫ് ജില്ല കൺവീനർ അടക്കമുള്ള സ്ഥാനങ്ങൾ നൽകാത്തത് സി.പി.എം രാഷ്ട്രീയ പരിഗണനയടക്കം നിഷേധിക്കുന്നതിന്റെ സൂചനയാണെന്ന് ചൂണ്ടിക്കാട്ടി മുന്നണിമാറ്റവും പാർട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.