ലയനസമ്മേളനം അടുത്തിരിക്കെ വിമർശനം; എൽ.ജെ.ഡിയുടേത് വിലപേശൽ രാഷ്ട്രീയമെന്ന് ആർ.ജെ.ഡി
text_fieldsകോഴിക്കോട്: ലയന സമ്മേളനത്തിന് ദിവസങ്ങൾമാത്രം അവശേഷിക്കെ എൽ.ജെ.ഡിയുടേത് വിലപേശൽ രാഷ്ട്രീയമെന്ന് ആർ.ജെ.ഡി. കോഴിക്കോട്ട് ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് നേതാക്കൾ ഒന്നടങ്കം എൽ.ജെ.ഡിക്കെതിരെ അതിശക്തമായി രംഗത്തുവന്നത്.
ദേശീയ നേതൃത്വം ബി.ജെ.പിയുമായി കൂട്ടുകെട്ടുണ്ടാക്കിയതോടെ ‘വഴിയാധാരമായ’ എൽ.ജെ.ഡി, എൽ.ഡി.എഫിൽ വിലപേശാനാണ് പെട്ടെന്ന് ലയനം പ്രഖ്യാപിച്ചത്. രണ്ടാം ടേമിലും പാർട്ടിയുടെ ഏക എം.എൽ.എ കെ.പി. മോഹനന് മന്ത്രി സ്ഥാനം ലഭിക്കില്ലെന്ന് വ്യക്തമായതോടെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സീറ്റ് ലക്ഷ്യമിട്ടുള്ള വിലപേശലാണ് ലയന സമ്മേളന പ്രഖ്യാപനത്തിനു പിന്നിലെന്നും നേതാക്കൾ യോഗത്തിൽ വിമർശനമുയർത്തി.
സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്താതെ ലയനം എൽ.ജെ.ഡി ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണ് ആർ.ജെ.ഡിയെ ചൊടിപ്പിച്ചത്. നേരത്തെ എൽ.ജെ.ഡി യോഗശേഷം പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ വാർത്തസമ്മേളനം നടത്തി ആർ.ജെ.ഡിയിൽ ലയിക്കുമെന്നും ലയന സമ്മേളനം ഒക്ടോബർ12ന് കോഴിക്കോട്ട് നടക്കുമെന്നും പ്രഖ്യാപിക്കുകയായിരുന്നു.
മുന്നണിമാറ്റത്തിൽ എം.പി. വീരേന്ദ്രകുമാറിനോട് വിമർശനമുയർത്തി പുറത്തുപോയ ജോൺ ജോൺ ആണ് നിലവിൽ ആർ.ജെ.ഡി സംസ്ഥാന പ്രസിഡന്റ്. ഇവർ യു.ഡി.എഫിന്റെ ഭാഗവുമാണ്. പാർട്ടിയെ വിഴുങ്ങാനുള്ള ശ്രമമാണ് എൽ.ജെ.ഡി നടത്തുന്നതെന്നും ആർ.ജെ.ഡി നേതാക്കൾക്കിടയിൽ വിമർശനമുണ്ട്.
പാർട്ടി സംസ്ഥാനകമ്മിറ്റി നിയോഗിച്ച ഏഴംഗ സമിതി ദേശീയ സെക്രട്ടറി ജനറൽ അബ്ദുൽ ബാരി സിദ്ദീഖി, ദേശീയ സെക്രട്ടറി ബോല യാദവ് എന്നിവരെ നേരിട്ടുകണ്ട് വിഷയങ്ങൾ അവതരിപ്പിച്ചപ്പോൾ എൽ.ജെ.ഡി ലയനം ആലോചിച്ചിട്ടില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കിയതെന്ന് ജോൺ ജോൺ ‘മാധ്യമ’ത്തോട് പറഞ്ഞു.
കേരളത്തിൽ നിന്നുള്ള ദേശീയ സെക്രട്ടറി അനു ചാക്കോ പോലും ലയന വിവരം അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ഘടകത്തോട് ആലോചിക്കാതെ എൽ.ജെ.ഡിയുടെ എം.പി. വീരേന്ദ്ര കുമാർ അനുസ്മരണത്തിൽ പാർട്ടി നേതാവും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പങ്കെടുത്തതിലും നേരത്തെ സംസ്ഥാന ഘടകം എതിർപ്പറിയിച്ചിരുന്നു.
അതേസമയം തേജസ്വി യാദവുമായി എം.വി. ശ്രേയാംസ് കുമാർ നേരിട്ട് കൂടിക്കാഴ്ച നടത്തി ലയനം ഉറപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടിയുടെ ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ ജോൺ ജോൺ, കെ.ടി. ജോസഫ്, യൂസഫലി മടവൂർ, മനോജ് കൊട്ടാരക്കര, ടോമി ജോസഫ്, രാജീവൻ മല്ലിശ്ശേരി എന്നിവരടങ്ങുന്ന സമിതിക്ക് ആർ.ജെ.ഡി രൂപം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.