കലാഭവൻ മണിയുടെ സഹോദരൻ അമിതമായി ഉറക്കുഗുളിക ഉള്ളിൽ ചെന്ന നിലയിൽ ആശുപത്രിയിൽ
text_fieldsതൃശൂർ: കലാഭവൻ മണിയുടെ സഹോദരനും നടനും നർത്തകനുമായ ആർ.എൽ.വി. രാമകൃഷ്ണനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതമായി ഉറക്കുഗുളിക ഉള്ളിൽ ചെന്ന നിലയിലാണ് ആശുപത്രിയിലാക്കിയത്. ഇന്ന് വൈകീട്ട് ഏഴോടെയാണ് അവശ നിലയിൽ അദ്ദേഹത്തെ കണ്ടെത്തിയത്. ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമകൃഷ്ണനെ പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഓൺലൈൻ നൃത്താവതരണത്തിന് തനിക്ക് അവസരം നിഷേധിച്ച കേരള സംഗീത നാടക അക്കാദമിയുടെ നടപടിക്കെതിരെ രാമകൃഷ്ണൻ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. അക്കാദമിക്ക് മുമ്പിൽ കുത്തിയിരിപ്പ് സമരവും നടത്തിയിരുന്നു. അക്കാദമി ജാതീയ വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തിയിരുന്നു.
നാല് വർഷമായി താൻ അക്കാദമിയിൽ ഒരു വേദി ചോദിച്ച് കയറിയിറങ്ങുകയാണെന്നും തന്നെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നൃത്തത്തിൽ പി.എച്ച്.ഡി ഉൾപ്പെടെയുള്ള തൻെറ യോഗ്യത സർട്ടിഫിക്കറ്റുകൾ കത്തിച്ച് കളയുകയാണോ വേണ്ടതെന്ന് അക്കാദമി പറഞ്ഞുതരണമെന്ന് രാമകൃഷ്ണൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞിരുന്നു.
എന്നാൽ, ആർ.എൽ.വി രാമകൃഷ്ണന്‍റെ ആരോപണം തെറ്റാണെന്നും നൃത്തകലാരൂപങ്ങൾക്കുൾപ്പെടെ അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നുമായിരുന്നു അക്കാദമിയുടെ വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.