കലാമണ്ഡലത്തിൽ ഇന്ന് ആർ.എൽ.വി. രാമകൃഷ്ണന്‍റെ മോഹിനിയാട്ടം
text_fieldsതൃശൂര്‍: കലാമണ്ഡലം കൂത്തമ്പലത്തിൽ ആര്‍.എല്‍.വി. രാമകൃഷ്ണൻ മോഹിനിയാട്ടം അവതരിപ്പിക്കും. കലാമണ്ഡലം വിദ്യാർഥി യൂനിയൻ്റെ നേതൃത്വത്തിലാണ് മോഹിനിയാട്ടം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് മോഹിനിയാട്ടം അവതരിപ്പിക്കുക. സത്യഭാമയുടെ അധിക്ഷേപ പരാമർശത്തോടുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മോഹിനിയാട്ടം.
ആദ്യമായാണ് കലാമണ്ഡലത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതെന്ന് ആർ.എൽ.വി. രാമകൃഷ്ണൻ പ്രതികരിച്ചു. ഏതൊരു കലാകാരനും ആഗ്രഹിക്കുന്ന വേദിയാണ് കലാമണ്ഡലത്തിലെ കൂത്തമ്പലം. ഏറ്റവും വലിയ ആഗ്രഹമാണ് ഇത്രയും കാലത്തിനു ശേഷം സാധ്യമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ കുടുംബ ക്ഷേത്രത്തില്‍ മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള ക്ഷണം രാമകൃഷ്ണന്‍ നിരസിച്ചിരുന്നു. അതേ ദിവസം മറ്റൊരു പരിപാടിയുള്ളതിനാലാണ് ക്ഷണം നിരസിച്ചത്. വേദി നൽകാമെന്നുപറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണൻ നന്ദി അറിയിക്കുകയും ചെയ്തു. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. പ്രതിഫലം നല്‍കിയാകും ക്ഷണിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇപ്പോഴുണ്ടായിരിക്കുന്ന വിവാദങ്ങളില്‍ കക്ഷി ചേരാനില്ലെന്നും സര്‍ക്കാരിനെതിരായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
വിവാദ പരാമർശത്തിൽ നൃത്താധ്യാപിക സത്യഭാമക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരിക്കുകയാണ്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് മനുഷ്യാവകാശ കമീഷന്‍റെ നടപടി. അധിക്ഷേപത്തെ നിയമപരമായി നേരിടുമെന്ന് ആർ.എൽ.വി. രാമകൃഷ്ണൻ പ്രതികരിച്ചിരുന്നു. ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവന്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നായിരുന്നു സത്യഭാമയുടെ പരാമര്‍ശം. രാമകൃഷ്ണന്‍ കാക്ക പോലെ കറുത്തവനാണെന്നും സുന്ദരികളായ സ്ത്രീകള്‍ മാത്രമെ മോഹിനിയാട്ടം കളിക്കാന്‍ പാടുള്ളൂ എന്നുമാണ് സത്യഭാമ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.