ആര്.എം.പി–യു.ഡി.എഫ് സഖ്യം: വടകരയിൽ തീപാറും
text_fieldsഅനൂപ് അനന്തൻ
വടകര: യു.ഡി.എഫ് പിന്തുണയോടെ ആര്.എം.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. രമ വടകരയില്‍ മത്സരത്തിനിറങ്ങുന്നതോടെ, നാളിതുവരെ തെരഞ്ഞെടുപ്പില്‍ കാണാത്ത വീറും വാശിയുമാവും വടകരയിൽ ഇത്തവണയുണ്ടാവുക. 2008ല്‍ ടി.പി. ചന്ദ്രശേഖരെൻറ നേതൃത്വത്തില്‍ ആര്.എം.പി.ഐ രൂപവത്കരിച്ചതിനുശേഷം ഒഞ്ചിയം, ഏറാമല, അഴിയൂര്‍, ചോറോട് പഞ്ചായത്തുകളിലെ രാഷ്ട്രീയചരിത്രം പാടേ മാറിയിരുന്നു. എന്നും സി.പി.എമ്മിനൊപ്പം നിന്ന പഞ്ചായത്തുകളില്‍ മാറ്റമുണ്ടായി. അതേസമയം, യു.ഡി.എഫിന് മേഖലയില്‍ നേട്ടവുമുണ്ടായി.
ഈ നേട്ടം നിയമസഭ മണ്ഡലാടിസ്ഥാനത്തില്‍ കൊണ്ടുവരാനിതുവരെ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ പാര്‍ലമെൻറ് തെരഞ്ഞെടുപ്പില്‍ കെ. മുരളീധരന് ആര്.എം.പി.ഐ നിരുപാധിക പിന്തുണ നല്‍കിയതോടെ ഇരുകക്ഷികളും തമ്മിലെ ബന്ധം കൂടുതൽ മെച്ചപ്പെട്ടു. സി.പി.എം മുന്‍ കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജെൻറ സ്ഥാനാര്‍ഥിത്വമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ആര്.എം.പിയെ നയിച്ചത്. ഇതിെൻറ തുടര്‍ച്ചയായി, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍, വടകര ബ്ലോക്ക് പരിധിയില്‍ ആര്.എം.പി.ഐ, യു.ഡി.എഫ് നേതൃത്വത്തില്‍ ജനകീയമുന്നണി എന്ന സംവിധാനത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇതിനിടെ, കല്ലാമല ഡിവിഷനില്‍ മുന്നണി തീരുമാനത്തിന് വിരുദ്ധമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വന്നത് ഏറെ വിവാദമായിരുന്നു. ഇത്തരം ചര്ച്ചകള്ക്കിടമില്ലാത്തവിധം പിണറായിസര്ക്കാറിനെ താഴെയിറക്കാനുള്ള പോരാട്ടത്തില്‍ കൈകോര്‍ക്കുകയാണെന്നാണ് ആര്.എം.പി.ഐ, യു.ഡി.എഫ് നേതൃത്വം പറയുന്നത്.
മുന്നണി മാറിയ സാഹചര്യത്തില്‍ കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എല്‍.ജെ.ഡി ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രനാണ് ഇത്തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. സി.കെ. നാണു (ജെ.ഡി.എസ്) 49,211, മനയത്ത് ചന്ദ്രന് (ജെ.ഡി.യു) 39,700, കെ.കെ. രമ (ആര്.എം.പി) 20,504, എം. രാജേഷ് കുമാര്‍ (എന്‍.ഡി.എ) 13,937 എന്നിങ്ങനെയാണ് കഴിഞ്ഞതവണത്തെ വോട്ടിങ് നില. കഴിഞ്ഞ തവണ, യു.ഡി.എഫ് ഭാഗമായ എല്‍.ജെ.ഡി തിരിെച്ചത്തിയ സാഹചര്യത്തില്‍ എല്‍.ഡി.എഫ് പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം, യു.ഡി.എഫ്, ആര്.എം.പി.ഐ ഒന്നിച്ചുനില്ക്കുന്നതോടെ, ഭിന്നിച്ച വോട്ടുകള്‍ ഒന്നായി വടകരയെ സ്വന്തമാക്കാന്‍ കഴിയുന്ന കരുത്തായി മാറുമെന്നാണ് യു.ഡി.എഫ് വിലയിരുത്തല്‍. ആര്.എം.പി.ഐ, യു.ഡി.എഫ് കൈകോര്‍ക്കല്‍ സി.പി.എമ്മിന് തലവേദനയാണ്.
സമരത്തിന്റെ തുടര്‍ച്ച –കെ.കെ. രമ
വടകര: നിയോജകമണ്ഡലത്തില്‍ ഇത്തവണ ചരിത്രനേട്ടമുണ്ടാകുമെന്നും ഇതൊരു സമരത്തിെൻറ തുടര്‍ച്ചയാണെന്നും ആര്.എം.പി.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. രമ 'മാധ്യമ'ത്തോട് പറഞ്ഞു. സോഷ്യലിസ്റ്റ് കക്ഷികള്‍ സ്വന്തമാക്കിയ മണ്ണാണ് വടകരയുടേത്. ഇത്തവണ അത്, മാറും.
എെൻറ സ്ഥാനാര്‍ഥിത്വം വടകരയിലേക്ക് മാത്രമുള്ളതല്ല. പിണറായി സര്‍ക്കാറിെൻറ എല്ലാവിധ ഫാഷിസത്തിനുമെതിരായ സമരമാണ്. എത്രയേറെ മനുഷ്യരുടെ കണ്ണീരാണ് ഈ മണ്ണില്‍ വീണു കിടക്കുന്നതെന്നറിയാമോ?. വാളയാറിലെ അമ്മ കണ്ണീരുമായി നടക്കുകയാണ്. ഉറക്കമൊഴിച്ച് പഠിച്ചിട്ടും സര്‍ക്കാര്‍ ജോലി കിട്ടാതെ ജീവനൊടുക്കിയ മക്കളുണ്ട്, അവരുടെ അമ്മമാരുടെ കണ്ണീരുണ്ടിവിടെ.
കൂടപ്പിറപ്പുകള്‍ ഉറക്കം നഷ്ടപ്പെട്ടുകിടക്കുകയാണ്. അക്രമരാഷ്ട്രീയത്തിെൻറ ഇരകളെ കുറിച്ച് പറയേണ്ടല്ലോ?. സ്വര്‍ണക്കടത്തുകാരും ഡോളര്‍ കടത്തുകാരും നിയമത്തെ വെല്ലുവിളിക്കുമ്പോള്‍, സാധാരണക്കാര്‍ നീതിക്കായി ഊരുതെണ്ടുകയാണ്. എല്ലാറ്റിനുമെതിരായ ജനവിധി വടകരയിലുള്പ്പെടെയുണ്ടാകുമെന്നും രമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.