മുല്ലപ്പള്ളി സ്ഥാനാർഥിയെ നിർത്തിയ കല്ലാമല ഡിവിഷനിൽ യു.ഡി.എഫ് സഖ്യത്തിന് തോൽവി
text_fieldsവടകര: കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ സ്ഥാനാർഥിയെ നിർത്തുകയും തർക്കത്തെ തുടർന്ന് ആർ.എം.പി സ്ഥാനാർഥിക്ക് വേണ്ടി മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്ത വടകര ബ്ലോക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിൽ എൽ.ഡി.എഫിന് ജയം. സി.പി.എമ്മിലെ അഡ്വ. ആശിഷ് ആണ് കല്ലാമല ഡിവിഷനിൽ 3543 വോട്ട് നേടി വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി ആർ.എം.പിയുടെ സി. സുഗതന്‍ മാസ്റ്റർ 2135 വോട്ട് നേടി. മത്സരത്തിൽ നിന്ന് പിന്മാറിയ കോൺഗ്രസ് സ്ഥാനാർഥി കെ.പി. ജയകുമാറിന് 368 വോട്ട് ലഭിച്ചു.
യു.ഡി.എഫ് ധാരണയനുസരിച്ച് ആർ.എം.പിക്ക് നൽകിയ സീറ്റിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയതോടെ കല്ലാമലയിൽ മുന്നണിയിൽ പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇതോടെ യു.ഡി.എഫിന് കല്ലാമലയില്‍ രണ്ട് സ്ഥാനാർഥികളായിരുന്നു.
സ്ഥാനാർഥി നിർണയത്തിലെ തർക്കം കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും വടകര എം.പി കെ. മുരളീധരനും തമ്മിലുള്ള നേർക്കുനേർ ഏറ്റുമുട്ടലിലേക്ക് വളർന്നിരുന്നു. യു.ഡി.എഫ് ധാരണക്ക് വിരുദ്ധമായാണ് കെ.പി.സി.സി അധ്യക്ഷന്‍റെ നാട്ടിൽ തന്നെ കോൺഗ്രസ് വിമതൻ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ ഇറങ്ങിയത്. ഇരു സ്ഥാനാർഥികളും പിന്മാറാൻ തയാറാകാത്തത് യു.ഡി.എഫിന് തലവേദനയായി.
വിമതനെ രംഗത്തിറക്കിയതിനെതിരെ മുരളീധരൻ എം.പി പരസ്യനിലപാടെടുത്തത് കോൺഗ്രസ് നേതൃത്വവുമായുള്ള ഏറ്റുമുട്ടലിലേക്ക് വളർന്നിരുന്നു. താൻ കല്ലാമലയിൽ പ്രചാരണത്തിനിറങ്ങില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. സ്ഥാനാർഥിയെ പിൻവലിച്ചതോടെയാണ് പ്രശ്നത്തിന് താൽക്കാലിക പരിഹാരമായത്.
അതേസമയം, പരാജയത്തിൽ മുല്ലപ്പള്ളിയെ കുറ്റപ്പെടുത്തി ആർ.എം.പി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.