കവലപ്രസംഗം എഴുതി വായിക്കുന്നതിൽ ബജറ്റ് പ്രസംഗമോ പുതിയ സമീപനമോ കാണാനാവില്ല -ആർ.എം.പി
text_fieldsകോഴിക്കോട്: 2023ലെ സംസ്ഥാന ബജറ്റ് നിരാശാജനകമാണെന്നും കവലപ്രസംഗം എഴുതി വായിക്കുന്നതിൽ ബജറ്റ് പ്രസംഗമോ പുതിയ സമീപനമോ കാണാനാവില്ലെന്നും ആർ.എം.പി.ഐ കേരള സംസ്ഥാന കമ്മിറ്റി. ബജറ്റിലെ പ്രധാന നിർദേശങ്ങൾ കേന്ദ്ര പദ്ധതികളുടെ കണ്ണാടി നിഴലായി ചുരുങ്ങിപ്പോയെന്നും ആർ.എം.പി.ഐ പ്രസ്താവനയിൽ ആരോപിച്ചു.
ജി.എസ്.ടി. നടപ്പിലാക്കിയതു വഴി നികുതി വൻതോതിൽ വർദ്ധിച്ച് ദുരിതത്തിലായ ജനങ്ങളെ വീണ്ടും നികുതി വർദ്ധിപ്പിച്ച് പിഴിയുകയാണ്. ഇന്ധന വില കൊണ്ടു പൊറുതിമുട്ടിയ ജനങ്ങൾക്ക് നൽകിയ ഇളവ് ഇപ്പോൾ പിടിച്ചു പറിക്കുന്നു. പുതിയ സംരംഭങ്ങളും വ്യവസായങ്ങളും പരസ്യങ്ങളിൽ നിന്ന് പ്രായോഗിക പദ്ധതികളായി മാറുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ പൊതു മേഖല സ്ഥാപനത്തെ ഇല്ലാതാക്കാൻ സ്വകാര്യ ലോബിക്കായി സർക്കാർ ഒത്തുകളിക്കുന്നെന്ന പരാതിയെ ശരിവെക്കുന്നതാണ് ബജറ്റിലെ സമീപനം.
സാമൂഹ്യ പെൻഷനും കിഫ്‌ബിയും സർക്കാറിന്റെ പ്രവർത്തനങ്ങളായിരിക്കെ അതിന്റെ കടബാധ്യത സർക്കാറിനില്ലെന്ന വിതണ്ഡവാദം പരിഹാസ്യമാണ്. കോവിഡും പ്രതിരോധ കുത്തിവെയ്പും ഉണ്ടാക്കിയ പ്രശ്നങ്ങളിൽ ജനം ആശങ്കയിലായിരിക്കെ വിഷയം പഠിക്കാനോ പരിഹരിക്കാനോ ഒരു നിർദേശവുമില്ലാതെ 5 കോടി നീക്കി വെച്ചത് അപര്യാപ്തമാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പുതിയ നികുതി വർധന പിൻവലിച്ചും ആശ്വാസ നടപടി വർധിപ്പിച്ചും ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്ന് ആർ.എം.പി.ഐ. സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.