ഫാസിസത്തെ പരാജയപ്പെടുത്താന്‍ ഇടതുപക്ഷ ഐക്യം അനിവാര്യം -മംഗത് റാം പസ്‌ല
text_fieldsകോഴിക്കോട്: ഫാസിസത്തെ ചെറുക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് ആർ.എം.പി.ഐ ജനറൽ സെക്രട്ടറി മംഗത് റാം പസ്‌ല. ആർ.എം.പി.ഐ രണ്ടാമത് ദേശീയ സമ്മേളനം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലെ ഭഗത് സിങ് നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
രാജ്യം അത്യന്തം ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. മതേതരത്വവും ജനാധിപത്യവും തകര്‍ത്ത് തീവ്ര ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മനുസ്മൃതിയിൽ അധിഷ്ഠിതമായ ഭരണക്രമമാണ് കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നത്. രാജ്യമെങ്ങും മത ന്യൂനപക്ഷങ്ങൾ കടന്നാക്രമണങ്ങൾക്ക് വിധേയമാകുന്നു. സ്ത്രീകള്‍ വലിയതോതില്‍ കടന്നാക്രമണങ്ങള്‍ക്ക് വിധേയമാകുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമായി. രാജ്യത്തിന്റെ പരമാധികാരംപോലും മോദി സര്‍ക്കാര്‍ കോർപറേറ്റുകൾക്ക് അടിയറ വെയ്ക്കുന്നു. കേരളത്തിലെ സി.പി.എം പിന്തുടരുന്നത് ഫാസിസ്റ്റ് ശൈലിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തിനു മുമ്പായി പ്രതിനിധികൾ നഗരത്തിൽ പ്രകടനം നടത്തി. പ്രകടനത്തിന് എൻ. വേണു, കെ.കെ. രമ എം.എൽ.എ, കെ.എസ്. ഹരിഹരൻ, അഡ്വ. പി. കുമാരൻ കുട്ടി, ചന്ദ്രൻ കുളങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.
ആർ.എം.പി.ഐ ചെയർമാൻ കെ. ഗംഗാധർ സമ്മേളന നഗരിയിൽ പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ അഡ്വ. പി. കുമാരൻകുട്ടി സ്വാഗതം പറഞ്ഞു. കെ. ഗംഗാധർ, കെ.കെ. രമ എം.എൽ.എ, പർഗത് സിങ് ജമരി, തേജിന്ധർ സിങ് ദിൻഡ്, രമേഷ് താക്കൂർ, എൻ. വേണു എന്നിവരടങ്ങിയ ആറംഗ പ്രസീഡിയവും കെ. ഗംഗാധർ, മംഗത് റാം പസ് ല, രാജേന്ദ്ര പരഞ്ജ് പേ, ഹർകൻവൽസിങ്, കെ.എസ്. ഹരിഹരൻ, അഡ്വ. പി. കുമാരൻ കുട്ടി എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയുമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്.
എം.സി.പി.ഐ.യു ജനറൽ സെക്രട്ടറി അശോക് ഓംകാർ, സി.എം.പി. ജനറൽ സെക്രട്ടറി സി.പി. ജോൺ, സി.പി.ഐ എം.എൽ. റഡ്സ്റ്റാർ ജനറൽ സെക്രട്ടറി പി.ജെ ജയിംസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.