റോഡപകടം: എൻഫോഴ്സ്മെന്റ് പരിശോധന ശക്തം; 12 ലൈസൻസുകൾ സസ്പെൻഡ് ചെയ്തു
text_fieldsകോട്ടക്കൽ: അശ്രദ്ധ ഡ്രൈവിങ്ങിനെ തുടർന്ന് അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്നതിനിടെ പരിശോധന ശക്തമാക്കി എൻഫോഴ്സ്മെന്റ്. ജില്ലയുടെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 12 ലൈസൻസുകൾ സസ്പെൻഡ് ചെയ്തു.
തിരുനാവായയിൽ ജില്ല എൻഫോഴ്സ്മെന്റ് തിരൂർ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ ഫിറ്റ്നസ് ഇല്ലാതെ സർവിസ് നടത്തിയ രണ്ട് സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു.
സ്പീഡ് ഗവർണർ പ്രവർത്തിക്കാത്തതും തേഞ്ഞ ടയറുകൾ ഘടിപ്പിച്ചതും സീറ്റുകൾ ഇളകിയനിലയിലുമായ രീതിയിൽ സർവിസ് നടത്തിയ സ്കൂൾ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.
ഡോർ അറ്റൻഡർ, ഫസ്റ്റ് എയ്ഡ് ബോക്സ്, ഫയർ എസ്റ്റിങ്ഗ്വിഷർ, ഹാൻഡ് ബ്രേക്ക് പ്രവർത്തിക്കാത്ത സ്കൂൾ ബസുകൾക്കെതിരെയും കേസെടുത്തു.
വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അലക്ഷ്യമായി വാഹനം ഓടിച്ചവർക്കെതിരെയും രജിസ്ട്രേഷൻ നമ്പർ ബോധപൂർവം തിരുത്തിയവർക്കെതിരെയും കേസെടുത്തു.
ഇവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നോട്ടീസ് നൽകി.
ഇത്തരത്തിൽ 12 ലൈസൻസുകൾ സസ്പെൻഡ് ചെയ്തതായി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ പി.എ. നസിർ അറിയിച്ചു.
മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ വൈജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ വി. രാജേഷ്, സലീഷ് മേലപ്പാട്ട്, പി. അജീഷ് എന്നിവർ പങ്കെടുത്തു.
രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ആർ.ടി.ഒ
കോട്ടക്കൽ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി രാത്രികാലങ്ങളിലും വാഹന പരിശോധന നടത്താൻ തീരുമാനിച്ചതായി ആർ.ടി.ഒ പി.എ. നസിർ അറിയിച്ചു. എ.ഐ കാമറകളിൽനിന്ന് രക്ഷപ്പെടാൻ നമ്പർ പ്ലേറ്റ് മറക്കുന്ന പ്രവണത കൂടുകയാണ്. ഇത്തരത്തിൽ വാഹനം ഉപയോഗിക്കുന്നവരെയും ബൈക്കുകളിൽ മൂന്നുപേരുമായി അപകടകരമായി വാഹനം ഓടിക്കുന്നവരെയും പിടികൂടാനും ലൈസൻസ് സസ്പെൻഡ് ചെയ്യാനുമാണ് സംയുക്ത പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. 18 വയസ്സ് പൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകിയാൽ രക്ഷിതാക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കും. 25,000 രൂപ പിഴയും കുട്ടികൾക്കെതിരെ ജുവനൈൽ നിയമപ്രകാരം കേസെടുക്കുകയും 25 വയസ്സുവരെ ഡ്രൈവിങ് എടുക്കുന്നതിൽനിന്ന് കുട്ടിയെ വിലക്കുന്നതുമാണ് നിയമം എന്ന് ആർ.ടി.ഒ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.