22 മാസം; നിരത്തിൽ പൊലിഞ്ഞത് 7248 ജീവൻ
text_fieldsകോട്ടയം: സംസ്ഥാനത്ത് റോഡപകടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എ.ഐ കാമറ ഉൾപ്പെടെ പദ്ധതികൾ ഫലംകാണുന്നില്ല; രണ്ട് വർഷത്തിനിടെ നിരത്തുകളിൽ പൊലിഞ്ഞത് 7300 ലധികം ജീവനുകൾ. 2023 ജനുവരി മുതല്‍ ഈ വർഷം ഒക്ടോബർ വരെ 22 മാസത്തിൽ 7248 പേർ റോഡപകടങ്ങളിൽ മരിച്ചെന്നാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. 88,912 അപകടങ്ങളാണ് 22 മാസത്തിനുള്ളിലുണ്ടായത്. 99,977 പേർക്ക് പരിക്കേറ്റു. സംസ്ഥാനത്തെ നിരത്തുകൾ കൊലക്കളമാകുന്നെന്ന് ഒരിക്കൽകൂടി തെളിയിക്കുന്ന കണക്കുകളാണിത്. അപകടങ്ങൾ കുറക്കാൻ മോട്ടോർ വാഹന വകുപ്പും നാറ്റ്പാക്കും ഐ.എം.എ ഉൾപ്പെടെ സംഘടനകളും സമർപ്പിച്ച റിപ്പോർട്ടുകളിലെ വിവിധ പദ്ധതികൾ നടപ്പാക്കിയെങ്കിലും അതൊന്നും ഫലംകാണുന്നില്ലെന്നാണ് അപകടങ്ങളുടെ കണക്കുകൾ വ്യക്തമാക്കുന്നത്.
എ.ഐ കാമറകൾ സ്ഥാപിച്ചതോടെ സംസ്ഥാനത്ത് വാഹനാപകടങ്ങൾ കുറഞ്ഞെന്ന മോട്ടോർ വാഹന വകുപ്പിന്റെയും മുൻ ഗതാഗത മന്ത്രിയുടെയും അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ഔദ്യോഗിക കണക്കുകൾ. എ.ഐ കാമറകൾ വന്നശേഷം അപകടങ്ങൾ കൂടിയെന്നാണ് കണക്കുകൾ. എന്നാൽ, മരണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. അപകടങ്ങളിൽ ഉൾപ്പെടുന്നതിൽ ഏറെയും ഇരുചക്രവാഹനങ്ങളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന കാമറകൾ 2023 ഏപ്രിലിലാണ് മിഴി തുറന്നത്. തിങ്കളാഴ്ച രാത്രി ആലപ്പുഴ കളർകോട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ജീവന് റോഡില്‍ പൊലിഞ്ഞ സാഹചര്യത്തിലാണ് നിരത്തിലെ അപകടങ്ങൾ വീണ്ടും ചർച്ചയാകുന്നത്.
റോഡുകളുടെ മോശം നിലവാരവും ഗതാഗത നിയമലംഘനങ്ങളും ലൈസൻസ് നൽകുന്നതിലെ അശാസ്ത്രീയതയുമാണ് അപകടങ്ങൾക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
2023 ജനുവരി ഒന്നുമുതൽ 2024
ഒക്ടോബർ 31 വരെ കാലയളവ്
വാഹനാപകടം-88,912
മരണം-7,248
പരിക്ക്-99,977
എ.ഐ കാമറ സ്ഥാപിക്കുംമുമ്പ്
2021 33,296 അപകടം
3,429 മരണം
24,204 പരിക്ക്
2022 43,910 അപകടം
4,317 മരണം
49,307 പരിക്ക്
എ.ഐ കാമറ സ്ഥാപിച്ചശേഷം
2023 48,091 അപകടം
4,080 മരണം
54,320 പരിക്ക്
2024
ഒക്ടോബർ 31 വരെ 40,821 അപകടം
3,168 മരണം
45,657 പരിക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.