വഴിയും വെള്ളവും മുട്ടിച്ചു; ദലിത് കുടുംബങ്ങൾ ജീവൻമരണ പോരാട്ടത്തിൽ
text_fieldsപത്തനംതിട്ട: ജാതിപീഡനത്തെ തുടർന്ന് ഒന്നര വർഷമായി എട്ട് ദലിത് കുടുംബം ദുരിതത്തിൽ. പൊതുവഴി കൊട്ടിയടക്കുകയും പഞ്ചായത്ത് കിണർ മണ്ണിട്ട് ഇടിച്ചു മൂടുകയും ചെയ്തിട്ടും നീതി ലഭിക്കുന്നില്ല. റാന്നി പഴവങ്ങാടി പഞ്ചായത്തിൽ ഒന്നാം വാർഡിൽ വട്ടാർകയത്താണ് സംഭവം.
2021ൽ റാന്നി മക്കപ്പുഴയിലെ പ്രവാസി വി.ടി. വർഗീസ് വല്യത്ത് വിവിധ സ്ഥലങ്ങളിൽനിന്നുള്ള എട്ട് കുടുംബത്തിന് മൂന്ന് സെന്‍റ് വീതം സൗജന്യമായി നൽകിയിരുന്നു. ഈ കുടുംബങ്ങൾ ഇവിടെ താമസിക്കാൻ എത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. സ്ഥലം ആധാരം ചെയ്ത് വീടുവെക്കാൻ ചെന്നപ്പോൾ സമീപവാസികളായ എതാനും പേർ തടസ്സം സൃഷ്ടിച്ചു. പട്ടികജാതി കോളനിയാക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. ജാതീയമായി അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും വീട് നിർമാണം തടസ്സപ്പെടുത്തി.
ഇതിനിടെ വസ്തുദാനം ചെയ്തതിന്‍റെ പേരിൽ ബൈജു സെബാസ്റ്റ്യൻ എന്നയാൾ റാന്നി മുൻസിഫ് കോടതിയിൽനിന്ന് സ്റ്റേ സമ്പാദിച്ചു. ഇതിന്റെ ബലത്തിൽ റാന്നി പൊലീസിന്റെ ഒത്താശയോടെ ദലിത് കുടുംബാംഗങ്ങളുടെ സ്ഥലത്തേക്കുള്ള പൊതുവഴി വേലിയിട്ട് കെട്ടിയടച്ചു.
ഇതിനിടെ വഴിയോട് ചേർന്ന പഞ്ചായത്ത് കിണർ മണ്ണിട്ട് മൂടിയത് വലിയ വാർത്തയായി. ഈ കേസിലെ പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സഞ്ചരിക്കാൻ പറ്റാതെയും കുടിവെള്ളം കിട്ടാതെ വിഷമിക്കുകയാണ് കുടുംബങ്ങൾ. ഇവർക്ക് വീടുപണിക്കുള്ള സാധനങ്ങൾ സ്ഥലത്ത് എത്തിക്കാനും കഴിയുന്നില്ല. പരാതിയെത്തുടർന്ന് എസ്.സി-എസ്.ടി കമീഷൻ നടത്തിയ അന്വേഷണത്തിൽ ജാതിയ പീഡനം നടന്നതായി ബോധ്യപ്പെട്ടിരുന്നു.
സംഭവത്തിൽ കേസെടുക്കാൻ റാന്നി ഡിവൈ.എസ്.പിക്ക് നിർദേശം നൽകി. റാന്നി പൊലീസ് കേസെടുത്തെങ്കിലും ഹൈകോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടാൻ അറസ്റ്റ് നീട്ടി. റാന്നി പൊലീസ് കേസുകൾ അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും സഹായിക്കുകയാണന്ന് ദലിത് കുടുംബാംഗങ്ങൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ദലിത് കുടുംബങ്ങൾ പറയുന്ന കാര്യങ്ങൾ പൊലീസ് മൊഴിയിൽ രേഖപ്പെടുത്താറില്ല. മുഖ്യമന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി, കലക്ടർ, റാന്നി എം.എൽ.എ എന്നിവർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് ഇവർ പറഞ്ഞു.
വിവിധ പാർട്ടി നേതാക്കളോട് പറഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും തങ്ങൾക്ക് നീതി ലഭിക്കാൻ ആരും ഇടപെടുന്നില്ലെന്നും ഇവർ പറഞ്ഞു.വാർത്തസമ്മേളനത്തിൽ മോഹനൻ, രഞ്ജിനി, അന്നമ്മ പാപ്പൻ, ബാബു, രാജിമോൾ, ശാലിനി, പൊടിയൻ, ശ്രീലത എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.