റോഡ് കെട്ടിയടച്ച് സമ്മേളനം; എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും കോടതിയിൽ നേരിട്ട് ഹാജരാകണം
text_fieldsകൊച്ചി: പൊതുവഴി തടസ്സപ്പെടുത്തി പാർട്ടി സമ്മേളനവും സമരവും നടത്തിയ സംഭവങ്ങളിൽ രാഷ്ടീയ നേതാക്കളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഹൈകോടതി. തിരുവനന്തപുരം വഞ്ചിയൂർ, സെക്രട്ടേറിയറ്റ്, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിൽ റോഡ് തടസ്സപ്പെടുത്തിയും നടപ്പാതയിൽ സ്റ്റേജ് കെട്ടിയും ഉൾപ്പെടെയുള്ള വിഷയങ്ങളിലെടുത്ത കോടതിയലക്ഷ്യ കേസുകളിലാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരുടെ നിർദേശം.
ഫെബ്രുവരി 10ന് ഹൈകോടതിയിൽ നേരിട്ടു ഹാജരാകണം. തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് കെട്ടിയടച്ച് സി.പി.എം ഏരിയാ സമ്മേളനം നടത്തിയ സംഭവത്തിലാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോടും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനോടും നേരിട്ട് കോടതിയിൽ ഹാജരാകാൻ ഉത്തരവിട്ടത്. കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി ഉത്തരവ്. വിഷയം ചെറുതായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി. പ്രശാന്ത് എന്നിവരോടും ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ജോയിന്റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ നടത്തിയ പരിപാടിയിൽ സി.പി.ഐ നേതാക്കളും കോടതിയിൽ ഹജരാകണം. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ക്കാണ് ഹാജരാവാന്‍ നോട്ടീസ് നല്‍കിയത്. സിറ്റി പൊലീസ് കമീഷണര്‍ പുട്ട വിമലാദിത്യയോട് നേരിട്ട് ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടു. കൂടാതെ, കോണ്‍ഗ്രസ് നേതാക്കളായ എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എറണാകുളം എം.എല്‍.എ ടി.ജെ. വിനോദ് എന്നിവരോടും കോടതിയില്‍ ഹാജാരാവാന്‍ ആവശ്യപ്പെട്ടു.
കൊച്ചി കോര്‍പറേഷന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ് നേതാക്കളോട് ഹാജരാവാന്‍ ആവശ്യപ്പെട്ടത്. നേതാക്കൾ ഹാജരാകുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പ്രതീക്ഷിക്കേണ്ട എന്നും കോടതി വ്യക്തമാക്കി. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ചീഫ് സെക്രട്ടറി, സംസ്ഥാന ഡിജിപി എന്നിവരെ മാത്രം ഒഴിവാക്കുന്നു എന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.