തീരദേശ, മലയോര പാതകളുടെ പ്രവൃത്തി ഉടൻ; 20ന് യോഗം
text_fieldsതിരുവനന്തപുരം: കേരളത്തിെൻറ അടിസ്ഥാന സൗകര്യ വികസനത്തിൽ നാഴികക്കല്ലാവുന്ന തീരദേശ, മലയോര പാതകളുടെ നിർമാണ പ്രവൃത്തി ഉടൻ. സർക്കാറിെൻറ കാലാവധി തീരുന്നതിനു മുമ്പ് ഇരു പാതകളും യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. പ്രവൃത്തി തുടങ്ങുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ സെപ്റ്റംബർ 20ന് അവലോകന യോഗം ചേരും. ഇരു പാതകളും കടന്നുപോകുന്ന ജില്ലകളിലെ അന്തിമ പദ്ധതി റിപ്പോർട്ട് സെപ്റ്റംബർ 30നകം കിഫ്ബിക്ക് സമർപ്പിക്കാൻ നിർമാണ ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡിനോട് പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
മിക്ക ജില്ലകളിലെയും റിപ്പോർട്ടുകൾ ഇതിനകം ഒാൺലൈനായി സമർപ്പിച്ചു. ശേഷിക്കുന്നവ അടുത്ത ദിവസങ്ങളിൽ ലഭിക്കുമെന്നാണ് മരാമത്ത് വകുപ്പിെൻറ നിഗമനം. പദ്ധതി സമർപ്പിക്കുന്നതോടെ കിഫ്ബിയിൽനിന്ന് ആദ്യഘട്ട പ്രവൃത്തിക്കുള്ള തുകയും അനുവദിക്കും.
പൊതുമരാമത്ത് മന്ത്രി കെ. സുധാകരൻ, കേരള റോഡ് ഫണ്ട് ബോർഡ് അധികൃതർ എന്നിവരും യോഗത്തിൽ പെങ്കടുക്കും. തീരദേശ ഹൈവേക്ക് 6500ഉം മലയോര ഹൈവേക്ക് 3500ഉം കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ 655.6 കിലോമീറ്റർ ദൈർഘ്യമാണ് തീരദേശ ഹൈവേയുടേത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ഒമ്പതു ജില്ലകളിലൂടെയാണ് ഇത് കടന്നുപോവുക. കാസർകോട് മുതൽ തിരുവനന്തപുരം വരെയായി 1267 കിലോമീറ്ററിലാണ് നിർദിഷ്ട മലയോര ഹൈവേ. ആലപ്പുഴ ഒഴികെ 13 ജില്ലകളിലൂടെയും കടന്നുപോകുന്നുവെന്നതാണ് മലയോര പാതയുടെ സവിശേഷത.
രണ്ടുവരിപ്പാതയായി 12 മീറ്ററാണ് ഇരു ഹൈവേകളുടെയും വീതി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വൻപദ്ധതിയെന്ന നിലക്കല്ല പ്രവൃത്തി തുടങ്ങുന്നത്. സ്ഥലമെടുപ്പൊന്നും ആവശ്യമില്ലാത്തിടത്ത് ഉടൻ പ്രവൃത്തി തുടങ്ങും. ഏതെല്ലാം ജില്ലകളിൽ പ്രവൃത്തി തുടങ്ങാൻ കഴിയുമെന്നതാണ് അവലോകന യോഗം പ്രധാനമായും പരിഗണിക്കുക. സംസ്ഥാനത്ത് നിലവിെല തീരദേശ പാതകൾ പദ്ധതിയുമായി ബന്ധപ്പെടുത്തും. മലയോര ഹൈവേയുടെ കാര്യത്തിലും നിലവിലെ പാതകൾ ഉപയോഗപ്പെടുത്തും. തിരുവനന്തപുരം മുതൽ കാസർകോട് വരെ ബന്ധിപ്പിച്ച് സമ്പൂർണ പാതയാക്കുന്ന പ്രവൃത്തിയാവും നീണ്ടുപോവുക. വൻതോതിലുള്ള സ്ഥലമേറ്റെടുപ്പ് വേണ്ടാത്തതാണ് പ്രവൃത്തി വേഗം തുടങ്ങാൻ സർക്കാറിന് സൗകര്യമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.