ഭാരത് ജോഡോ യാത്ര: റോഡ് നിറയെ ബോർഡും കൊടിതോരണങ്ങളും; വിമർശിച്ച് ഹൈകോടതി
text_fieldsകൊച്ചി: ഭാരത് ജോഡോ യാത്രയുടെയും പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തിന്റെയും പേരിൽ ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിൽ ഹൈകോടതിയുടെ വിമർശനം. പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃതമായി കൊടിതോരണങ്ങളും ബാനറുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരെ പുറപ്പെടുവിച്ച ഉത്തരവുകളൊന്നും പാലിക്കാതെയാണ് ഇവ സ്ഥാപിച്ചിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ചീഫ് സെക്രട്ടറി, തദ്ദേശ ഭരണ പ്രിൻസിപ്പൽ സെക്രട്ടറി, ഡി.ജി.പി എന്നിവരിൽനിന്ന് ഹൈകോടതി വിശദീകരണം തേടി. തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയം വ്യാഴാഴ്ച അടിയന്തരമായി പരിഗണിച്ചത്.
തിരുവനന്തപുരം മുതൽ തൃശൂർ വരെ ദേശീയപാതയിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ കൊടി തോരണങ്ങളും ബാനറുകളും നിരന്നെന്നും അനധികൃതമായി സ്ഥാപിച്ച ഇവയൊന്നും മാറ്റാൻ പൊലീസോ തദ്ദേശ ഭരണ സ്ഥാപനങ്ങളോ നടപടി സ്വീകരിക്കുന്നില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.
തുടർന്നാണ് രാഷ്ട്രീയ പാർട്ടികളുടെ പേരെടുത്തു പറയാതെ സിംഗിൾ ബെഞ്ച് വിമർശനം ഉന്നയിച്ചത്. തിരുവനന്തപുരത്ത് നിയമവിരുദ്ധമായി സ്ഥാപിച്ച ആർച് വീണ് അമ്മക്കും മകൾക്കും പരിക്കേറ്റ സംഭവം കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.