റോഡ് സുരക്ഷ: സംസ്ഥാനത്ത് മിഴിതുറക്കാൻപോകുന്നത് 704 കാമറകൾ
text_fieldsകോഴിക്കോട്: റോഡ് സുരക്ഷക്കായി സംസ്ഥാനത്ത് മിഴിതുറക്കാൻ പോകുന്നത് 704 കാമറകൾ. 235 കോടി രൂപ ചെലവിൽ സ്ഥാപിച്ച കാമറകൾ പ്രവർത്തനസജ്ജമായിവരുകയാണ്. മോട്ടോർ വാഹന വകുപ്പിന് കീഴിലാണ് ആധുനിക കാമറകൾ സ്ഥാപിച്ചത്. ഇതിന്‍റെ ട്രയൽ റൺ നടന്നുവരുകയാണ്. കെൽട്രോൺ ആഗോള ടെൻഡറിലൂടെ സ്വകാര്യ കമ്പനിക്കാണ് കരാർ നൽകിയത്. ബിൽറ്റ് ഓപറേറ്റ് ഓൺ ട്രാൻസ്ഫർ (ബൂട്ട്) അടിസ്ഥാനത്തിലാണ് പദ്ധതി. ദേശീയ-സംസ്ഥാന പാതകളിലും ഗ്രാമീണ റോഡുകളിലും കാമറകൾ സ്ഥാപിക്കുന്നുണ്ട്.
റോഡ് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളുടെ ഉടമകൾക്ക് കൺട്രോൾ റൂമിൽനിന്ന് തത്സമയം നോട്ടീസ് അയക്കുന്ന സംവിധാനങ്ങളോടുകൂടിയ കാമറകളാണ് വരുന്നത്. ഏറ്റവും കൂടുതൽ കാമറകൾ തിരുവനന്തപുരം ജില്ലയിലാണ്-89. കൊല്ലം 51, പത്തനംതിട്ട 44, ആലപ്പുഴ 41, കോട്ടയം 44, ഇടുക്കി 38, എറണാകുളം 34, തൃശൂർ 49, പാലക്കാട് 47, മലപ്പുറം 49, കോഴിക്കോട് 63, വയനാട് 27, കണ്ണൂർ 50, കാസർകോട് 47 കാമറകൾ വീതമാണ് സഥാപിച്ചത്.
റോഡ് സുരക്ഷ അതോറിറ്റി സെസ് ഇനത്തിൽ ഈടാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പിഴയിനത്തിൽ ഒരുവർഷം ലഭിക്കുന്ന തുകയുടെ 50 ശതമാനം ഈ ഫണ്ടിലേക്കാണ് പോകുന്നത്. ഈയിനത്തിൽ റോഡ് സുരക്ഷ അതോറിറ്റിയിൽനിന്ന് ലഭിച്ച 600 കോടിയോളം രൂപ സർക്കാറിന്‍റെ പക്കലുണ്ട്. റോഡ് സുരക്ഷ ഫണ്ട് മറ്റൊന്നിനും ചെലവഴിക്കാൻ പറ്റാത്തതിനാൽ നിഷ്ക്രിയമായിക്കിടക്കുകയാണ്. 1500 കാമറകൾ സ്ഥാപിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ പദ്ധതി. ആദ്യഘട്ടമെന്ന നിലക്കാണ് 704 കാമറകൾ സ്ഥാപിച്ചത്.
റോഡ് സുരക്ഷ മുൻനിർത്തിയാണെങ്കിലും അടിസ്ഥാന സൗകര്യ വികസനം വരുംമുമ്പ് കാമറ വ്യാപകമാക്കുന്നതിനെതിരെ വിമർശനമുയരുന്നുണ്ട്. നിലവിലുള്ള കാമറകൾ തന്നെ എവിടെയെല്ലാമാണ് എന്ന സൂചനകൾ ദേശീയപാതയിൽ പോലുമില്ല. വേഗപരിധി അറിയിക്കുന്ന സൂചന ബോർഡുകൾ കൃത്യമായി സ്ഥാപിച്ചിട്ടില്ല. ഇത് വാഹന ഉടമകളെ ചതിക്കുന്നതിന് തുല്യമാണെന്നാണ് വിമർശനം. അതേസമയം റോഡ് വികസനം വരുന്നതോടെ വഴിയിൽനിന്ന് വാഹനങ്ങൾക്ക് കൈകാണിക്കലും പരിശോധനയുമൊന്നും വരും കാലങ്ങളിൽ പ്രായോഗികമാവില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്. കാമറകൾ സ്ഥാപിക്കുന്നതിനെതിരെ ടിപ്പർ ലോറി ഉടമകളടക്കം സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.