പാതയോര മദ്യനിരോധനം: സാവകാശം തേടി സർക്കാർ സുപ്രീംകോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളിൽ 500 മീറ്റർ ദൂരപരിധിയിലുള്ള മദ്യശാലകൾ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കാൻ സർക്കാർ സാവകാശം തേടും. ഇതിെൻറ ഭാഗമായി, കോടതിവിധി അംഗീകരിക്കുന്നെന്നും എന്നാൽ അതു പൂർണതോതിൽ നടപ്പാക്കാൻ മൂന്നുമാസത്തെ സാവകാശം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കും. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ, എക്സൈസിെൻറ ചുമതലയുള്ള മന്ത്രി ജി. സുധാകരൻ എന്നിവരുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.
ശക്തമായ ജനകീയപ്രതിഷേധം കാരണം മദ്യശാലകൾ മാറ്റിസ്ഥാപിക്കുന്നത് സർക്കാറിന് തലവേദനയായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. മദ്യത്തിനെതിരായ ജനരോഷത്തെ സമചിത്തതയോടെ കൈകാര്യം ചെയ്യണമെന്നും അടിച്ചമർത്തൽനയവുമായി മുന്നോട്ടുപോയാൽ തിരിച്ചടിയുണ്ടാകുമെന്നും യോഗം വിലയിരുത്തി. പ്രാദേശികതലത്തിൽ ഉയരുന്ന എതിർപ്പുകൾ പരിഹരിക്കാൻ സമവായനീക്കങ്ങൾ ശക്തമാക്കും. അതേസമയം, സർവകക്ഷിയോഗം വിളിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമതീരുമാനമായില്ലെന്നാണ് സൂചന.
ജനത്തെ വെല്ലുവിളിച്ചുള്ള ഒരുനടപടിക്കും സർക്കാർ ഒരുക്കമല്ലെന്ന് മന്ത്രി ജി. സുധാകരൻ യോഗശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മദ്യപിക്കണമെന്ന് സർക്കാർ ആരെയും നിർബന്ധിക്കുന്നില്ല. എന്നാൽ, മദ്യം ലഭിച്ചേതീരൂവെന്ന വാശിയിലാണ് ഒരുവിഭാഗം. അവരെ കണ്ടില്ലെന്ന് നടിക്കാനാകില്ല. നല്ല മദ്യം ലഭിച്ചില്ലെങ്കിൽ അവർ വ്യാജമദ്യത്തിന് പിന്നാലെപോകും. ഇത് വൻദുരന്തങ്ങൾക്കിടയാക്കും. അനിഷ്ടസംഭവങ്ങളുണ്ടായാൽ ഇന്ന് മദ്യശാലയെ എതിർക്കുന്ന പഞ്ചായത്ത് പ്രസിഡൻറുമാർക്കുപോലും നിലനിൽപ്പുണ്ടാകില്ലെന്ന് ഓർക്കണമെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, മദ്യശാലകൾ മാറ്റിസ്ഥാപിക്കാൻ ബുദ്ധിമുട്ടുള്ളിടങ്ങളിൽ കുറുക്കുവഴികളിലൂടെ കാര്യംസാധിക്കാൻ നീക്കങ്ങൾ ശക്തമാണ്. നഗരപരിധിയിലെ റോഡുകളിൽ ചിലത് ദേശീയ, സംസ്ഥാനപാത വിഭാഗത്തിൽ നിന്ന് ഒഴിവാക്കാനാണ് ആലോചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.