ഏലംകുളത്തേക്കുള്ള റോഡും ഇ.എം.എസിന്റെ ശാഠ്യവും
text_fieldsപെരിന്തൽമണ്ണ: ''കുണ്ടും കുഴിയുമായി കിടക്കുന്ന ഏലംകുളത്തേക്കുള്ള റോഡ് ഒന്ന് ഗതാഗതയോഗ്യമാക്കിക്കിട്ടണം''-1967ൽ സ്ഥലം എം.എൽ.എ പാലോളി മുഹമ്മദ്കുട്ടി മുഖ്യമന്ത്രി ഇ.എം.എസിനോട് ഉന്നയിച്ച ആവശ്യമാണിത്. അന്നത്തെ പൊതുമരാമത്ത് മന്ത്രി ടി.കെ. ദിവാകരനുള്ള കത്തടക്കം ഇ.എം.എസിന് നൽകി കാര്യം വിശദമാക്കി.
മറുപടി ഉടൻ വന്നു, ''ഇത് എെൻറ വകുപ്പിൽപെടുന്ന കാര്യമല്ലല്ലോ പാലോളീ, മരാമത്ത് മന്ത്രി ദിവാകരനോട് പറയൂ'' എന്ന്. അരിശവും സങ്കടവുമൊക്കെ തോന്നിയെങ്കിലും ഒന്നും മിണ്ടാതെ നിന്നു. ഇങ്ങനെയാണെങ്കിൽ താൻ രാജിവെക്കുകയാണെന്ന് പിന്നീട് ഒരിക്കൽ ഇമ്പിച്ചി ബാവയോട് പറഞ്ഞപ്പോൾ, രാജിവെക്കുകയൊന്നും വേണ്ട കാര്യങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്നായിരുന്നു പ്രതികരണം. തൊട്ടടുത്ത വർഷം ബജറ്റിൽ ഈ റോഡിന് ഫണ്ട് അനുവദിച്ച് ഗതാഗതയോഗ്യമാക്കി.
54 വർഷം മുമ്പുള്ള ഒാർമയാണ്. അന്ന് എം.എൽ.എമാർക്ക് ഇത്ര സ്വാധീനമോ ഫണ്ട് ചെലവഴിക്കാനുള്ള വഴിയോ ഇല്ല. മണ്ഡലത്തിൽ പാണ്ടിക്കാട് ഒറവുംപുറത്ത് പാലത്തിന്റെ ഉദ്ഘാടനം പോലും നടക്കുന്നതിന് തലേന്നാണ് സ്ഥലം എം.എൽ.എ അറിഞ്ഞത്.
'65ൽ മങ്കടയിലും' 67ൽ പെരിന്തൽമണ്ണയിലും ജയിച്ച് എം.എൽ.എയായി പ്രവർത്തിച്ചതാണ് വള്ളുവനാടുമായി പാലോളിക്കുള്ള വലിയ ബന്ധം.
300 പോസ്റ്റർ, ചുമരെഴുത്ത് അപൂർവം
മണ്ഡലത്തിൽ സ്ഥാനാർഥിക്ക് ആകെ പരമാവധി 300 പോസ്റ്റർ പ്രചാരണത്തിന് അച്ചടിച്ചിരുന്ന കാലത്ത് ആ പോസ്റ്റർ എത്തുമ്പോൾ സഖാക്കൾക്കുണ്ടായിരുന്ന ആവേശം ചെറുതായിരുന്നില്ല. ഇപ്പോൾ ഒരു ബൂത്തിലേക്ക് വരെ 3000 പോസ്റ്ററുകൾ നൽകുന്ന കാലമായി.
അന്ന് ചുമരെഴുത്തുപോലും അപൂർവം. സ്ഥാനാർഥിയുടെ ചിത്രമുള്ള പോസ്റ്ററോ ഫ്ലക്സോ സങ്കൽപത്തിൽ പോലുമില്ല. ഒരു കാര്യം കൃത്യമായി ഒാർക്കുന്നു, അന്ന് ജനങ്ങൾക്കെല്ലാം ഒരു രാഷ്ട്രീയമുണ്ടായിരുന്നു.
വോട്ടുതേടി ചെല്ലുമ്പോൾ അത് തുറന്നുപറയുകയും ചെയ്തിരുന്നതിനാൽ പ്രചാരണ ഘട്ടത്തിൽ തന്നെ ജയപരാജയങ്ങളെക്കുറിച്ച് കൃത്യമായി കണക്കുകൂട്ടാൻ സാധിച്ചതായി പാലോളി ഒാർക്കുന്നു. പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന സംശുദ്ധമായ പ്രതിച്ഛായകൂടിയുള്ള പാലോളിയുടെ ഓർമകളിൽ തെരഞ്ഞെടുപ്പ് ആരവങ്ങൾ ഏറെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.