റോഡ് വികസനം കിടപ്പാടം നഷ്ടമാക്കി; പ്രസന്നകുമാരി ഇനി പെരുവഴിയിൽ
text_fieldsപാലോട്: ദുരിതങ്ങൾ പെരുമഴയായി പെയ്തിറങ്ങിയ ജീവിതത്തിൽ അവസാനത്തെ ആശ്രയവും കൈവിട്ടതിന്റെ ഞെട്ടലിലാണ് പ്രസന്നകുമാരിയെന്ന 66 വയസ്സുകാരി. 16ാം വയസ്സിലാണ് ജനിച്ചുവളർന്ന കിളിമാനൂർ പോങ്ങനാട്ടുനിന്ന് വിവാഹംകഴിച്ച് പ്രസന്നകുമാരിയെ പാലോട്, സ്വാമിനഗറിലേക്ക് കൊണ്ടുവരുന്നത്. നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിൽ അല്ലലില്ലാത്ത ജീവിതമായിരുന്നു അവരുടേത്. 28ാം വയസ്സിൽ ഭർത്താവ് മദനരാജൻ വാഹനാപകടത്തിൽ മരിച്ചതോടെ പ്രസന്നകുമാരിയും രണ്ട് മക്കളും ജീവിതത്തിൽ ആദ്യ പ്രതിസന്ധിയെ നേരിട്ടു.
ഭർത്താവിന്റെ പാലോടുള്ള മെഡിക്കൽ സ്റ്റോറിൽ പോയാണ് പിന്നീടവർ ജീവിതമാർഗം കണ്ടെത്തിയത്. മകനെയും മകളെയും കഴിയുംവിധം പഠിപ്പിക്കുകയും വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. ഇതിനിടക്ക് തെൻറയും ഭർത്താവിെൻറയും ഉടമസ്ഥതയിലുള്ള ഭൂമി മകനും മകൾക്കുമായി നൽകുകയും ചെയ്തു. 2012ലാണ് ഇവർക്ക് തലച്ചോറിനെ ബാധിച്ച ഗുരുതര രോഗത്തിെൻറ പേരിൽ ശസ്ത്രക്രിയ നടത്തേണ്ടിവന്നത്. പോങ്ങനാെട്ട കുടുംബസ്വത്ത് വിറ്റ് കൈയിൽ കരുതിയിരുന്ന പണമെല്ലാം അതോടെ തീർന്നു.
കൈയിലെ പണവും ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയും ഇല്ലാതായതോടെ മക്കൾ പതിയെ തന്നെ ഒഴിവാക്കുകയായിരുന്നെന്ന് പ്രസന്നകുമാരി പറയുന്നു. ഇൗ സമയമെല്ലാം സ്വാമിനഗറിൽ, ആദ്യം ഭർത്താവിെൻറയും പിന്നീട് മകെൻറയും ഉടമസ്ഥതയിലായ വസ്തുവിലെ വീട്ടിലാണിവർ താമസിച്ചിരുന്നത്.
ഇൗ സമയമാണ് റോഡ് വികസനം ഇടിത്തീയായി ഇവരുടെ മേൽ പതിക്കുന്നത്. ചല്ലിമുക്ക് മുതൽ പാലോട് വരെ നീളുന്ന മലയോര ഹൈവെ വികസനത്തിന് റോഡ് വീതികൂട്ടിയപ്പോൾ ഇവരുടെ വീടിെൻറ ഭൂരിഭാഗവും നഷ്ടപ്പെടുകയായിരുന്നു. ആദ്യമൊക്കെ വീട് നിലനിർത്തി മാത്രമേ സ്ഥലമെടുക്കുകയുള്ളൂ എന്ന് പറഞ്ഞ റോഡ് കരാറുകാരൻ ഒരുദിവസം തെൻറ കിടപ്പാടത്തിെൻറ ഭൂരിഭാഗവും ഇടിച്ചുകളയുകയായിരുന്നെന്ന് ഇൗ വയോധിക പറയുന്നു. മക്കളുമായുള്ള കുടുംബവഴക്കിനെ തുടർന്ന് പാലോട് പൊലീസ് സ്റ്റേഷനിൽ നടത്തിയ ഒത്തുതീർപ്പിനൊടുവിൽ പ്രതിമാസം നൽകാമെന്ന് സമ്മതിച്ച പണം ഇരുവരും നൽകാറില്ലെന്നും ഇവർ പറയുന്നു.
അമ്മക്ക് തങ്ങളിപ്പോൾ പണം നൽകാറിെല്ലന്നും അവരുമായി ഇനിയൊരുബന്ധം സാധ്യമല്ലെന്നുമാണ് മകൾ ഇതേപ്പറ്റി അന്വേഷിച്ചപ്പോൾ പറഞ്ഞത്. മക്കൾക്ക് സ്വത്തുവകകൾ ഉണ്ടെന്ന പേരിൽ പഞ്ചായത്തിൽനിന്ന് ലൈഫ്, മണ്ണുംവീടും തുടങ്ങിയ പദ്ധതികളിലേക്കും പ്രസന്നകുമാരിയെ പരിഗണിച്ചിട്ടില്ല. കടുത്ത രോഗവും തലചായ്ക്കാനുള്ള മണ്ണും മറ്റെല്ലാ ആശ്രയവും നഷ്ടമായി പെരുവഴിയിലായിരിക്കുകയാണ് ഇൗ വയോധിക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.