വയനാട് പുരനധിവാസം: തിരിച്ചടിയായത് നിയമ നിർമാണത്തിൽ മുന്നണികൾ പുലർത്തിയ അനാസ്ഥ
text_fieldsകോഴിക്കോട്: വയനാട് പുനരധിവാസത്തിന് പ്രധാന തടസം ഭൂമിയാണ്. 1947ന് മുമ്പ് വിദേശകമ്പനികളും ബ്രിട്ടീഷ് പൗരന്മാരും കൈവശം വെച്ചിരുന്ന പതിനായിരക്കണക്കിന് ഏക്കർ ഭൂമി വയനാട്ടിലുണ്ട്. ഇത് നിയമനിർമാണത്തിലൂടെ ഏറ്റെടുക്കണമെന്ന് റിപ്പോർട്ട് ലഭിച്ചിട്ടും ഇരുമുന്നണികളിലും അതിന് തയാറായില്ല. ഇരു മുന്നണികളും തോട്ടം ഉടമകളെ സഹായിക്കാൻ നടത്തിയ അട്ടിമറിയുടെ ഫലമാണ് വയനാട്ടുകാർ ഇന്ന് അനുഭവിക്കുന്ന ദുരിതം. നിയമ നിർമാണത്തിന് രാഷ്ട്രീയമായ തീരുമാനം എടുക്കാൻ ഇടതുപക്ഷത്തിനും കഴിഞ്ഞില്ല.
പുനരധിവാസത്തിന് നെടുമ്പാല, എൽസ്റ്റോൺ എസ്റ്റേറ്റുകളാണ് സർക്കാർ പരിഗണിച്ചത്. ദുരിത ബാധിതരുടെ പുനരധിവാസത്തിന് ടൗൺഷിപ്പിനായി വേറെ ഭൂമി വയനാട്ടിൽ കിട്ടാനില്ല, 25 പ്ലാൻറേഷനുകളാണ് സർക്കാർ പരിശോധിച്ചത്. പരിശോധിച്ചതിൽ ഒൻപത് പ്ലാൻറേഷനുകൾ സുരക്ഷിതമാണെന്ന് റിപ്പോർട്ട് കിട്ടി.
വയനാട് 1947ന് മുമ്പ് ബ്രിട്ടീഷുകാർ നേരിട്ട് ഭരിച്ച സ്ഥലമാണ്. സർക്കാർ ലീസിന് നൽകിയ ഭൂമിയാണ് വയനാട്ടിലെ തോട്ടം ഉടമകളുടെ കൈവശമുള്ളത്. ഭൂമി കൈവശം വെച്ചിരുന്ന ബ്രിട്ടീഷ് കമ്പനികൾക്ക് ഉടമസ്ഥത ഉണ്ടായിരുന്നില്ല. റവന്യു വകുപ്പ് രേഖകൾ പരിശോധിച്ചത് പ്രകാരം ഇക്കാലത്ത് കമ്പനികൾക്കും ബ്രിട്ടീഷ് പൗരന്മാർക്കും നൽകിയത് 'പട്ട' ആണ്. അത് മലയാളത്തിലെ 'പട്ടയം' അല്ല.
പട്ട എന്നാൽ ലൈസൻസ് മാത്രമാണ്. അത് ഓരോ വർഷവും നീട്ടി നൽകുകയായിരുന്നു. അല്ലാതെ ഭൂമിയുടെ ഉടമസ്ഥത ആർക്കും നൽകിയിട്ടില്ല. ഭൂമി ലീസിന് എടുക്കുക മാത്രമാണ് ബ്രിട്ടീഷ് കമ്പനികൾ ചെയ്തത്. ഓരോ വർഷവും വാടക പുതുക്കി പണം അടക്കണമെന്നായിരുന്നു വ്യവസ്ഥ. പുനരധിവാസത്തിനായി ഏറ്റെടുക്കാൻ തീരുമാനിച്ച എൽസ്റ്റൻ എസ്റ്റേറ്റ് കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ ആദ്യ രേഖ ബ്രിട്ടീഷ് സർക്കാരിന്റെ പട്ട ആണ്. അവരുടെ അഭിപ്രായത്തിൽ ഈ പട്ട ഉടമസ്ഥയുടെ തെളിവാണ്.
കേരളം ഭൂപരിഷ്കരണ നിയമം നടപ്പാക്കിയെങ്കിലും വയനാട്ടിലെ എസ്റ്റേറ്റുകളുടെ മേൽ നിയമം പ്രയോഗിക്കുന്നതിൽ റവന്യൂ വകുപ്പ് പരാജയപ്പെട്ടു. താലൂക്ക് ലാൻഡ് ബോർഡുകൾ വയനാട്ടിലെ തോട്ടം ഭൂമിയുടെ ആദ്യകാല രേഖകൾ പരിശോധിച്ചിരുന്നില്ല. നിലവിൽ കൈവശം വെച്ചിരിക്കുന്നവർ താലൂക്ക് ലാൻഡ് ബോർഡിന് സ്വാധീനച്ച് ഭൂപരിധിയിൽ ഇളവ് നേടി.
വിദേശ തോട്ടം ഭൂമി സംബന്ധിച്ച് നിവേദിത പി. ഹരൻ മുതൽ എം.ജി രാജമാണിക്യം വരെയുള്ള റിപ്പോർട്ടുകൾ ലഭിച്ചിട്ടും സർക്കാർ നിയമ നിർമാണത്തിന് തയാറായില്ല. ഹാരിസൺസ് കേസിൽ ഹൈകോടതി ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിന് സിവിൽ കോടതിയെ സമീപിക്കാനാണ് ഉത്തരവിട്ടത്. അത് പ്രകാരം മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക് 2019 ൽ ഉത്തരവിട്ടു.
എന്നിട്ടും വയനാട് ജില്ല ഭരണകൂടം ചലച്ചില്ല. സിവിൽ കോടതിയിൽ ഒരു കേസ് പോലും നൽകിയില്ല. വയനാട്ടിലെ റവന്യൂ ഉദ്യോഗസ്ഥർ തോട്ടം ഉടമകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇപ്പോഴത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ വിദേശ തോട്ടം ഭൂമി സംബന്ധിച്ച് വില്ലേജ് തലത്തിൽ രേഖകൾ സമാഹരിക്കുന്നതിന് നിർദേശം നൽകിയിട്ടും നടപടി സ്വീകരിച്ചില്ല.
ഇപ്പോൾ പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയതിന് പിന്നാലെ തോട്ടം ഭൂമി കൈവശം വെച്ചിരിക്കുന്നവർ ഹൈകോടതിയെ സമീപിച്ചു. അതോടെ റവന്യൂ വകുപ്പ് അപകടം തിരിച്ചറിഞ്ഞു. തുടർന്ന് റവന്യൂ വകുപ്പ് നേരിട്ടാണ് സിവിൽ കോടതിയിൽ ഉടമസ്ഥത സ്ഥാപിക്കുന്നതിന് കേസ് ഫയൽ ചെയ്തത്.
ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് ഇപ്പോൾ സംസാരിക്കുന്നത്. തോട്ടം ഉടകളുമായി ചർച്ച നടത്തി ഭൂമി ഏറ്റെടുക്കണമെന്നാണ് വി.ഡി സതീശന്റെ നിലാപാട്. സർക്കാർ ഭൂമി സർക്കാർ പണം കൊടുത്ത് ഏറ്റെടുക്കണോ എന്ന റവന്യൂ സെക്രട്ടറിയുടെ ചോദ്യത്തിന് പ്രതിപക്ഷ നേതാവും മറുപടി പറയണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.