പാതയോരങ്ങളിലെ ഭൂമി സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതകളിലെയും സംസ്ഥാന പാതകളിലെയും സർക്കാർ പുറമ്പോക്ക് അടക്കമുള്ള ഭൂമി സ്വകാര്യ കമ്പനികൾക്ക് പാട്ടത്തിന്. വഴിയോര വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നതിന് സ്വാകര്യ കമ്പനികൾക്ക് സർക്കാർ ഭൂമി പാട്ടത്തിന് നൽകാനാണ് തീരുമാനം. അതിന്‍റെ ആദ്യപടിയെന്ന നിലയിൽ ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെൻറ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ് (ഒ.കെ.ഐ.എച്ച്.എൽ) എന്ന കമ്പനിക്ക് പാതയോര വിശ്രമ കേന്ദ്രം ആരംഭിക്കുന്നതിന് ഒരേക്കർ ഭൂമി പാട്ടത്തിന് നൽകാൻ ഉത്തരവായി. 10 വർഷത്തേക്കാണ് ഭൂമി പാട്ടത്തിന് നൽകുന്നത്.
എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ ചുള്ളിക്കര വില്ലേജിൽ ബ്ലോക്ക് 34 പെട്ട ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് (എഫ്.ഐ.ടി)ക്ക് നിലവിൽ പാട്ടത്തിന് നൽകിയിരിക്കുന്ന 7.62 ഏക്കറിൽ പടിഞ്ഞാറ് ഭാഗത്ത് ഒരേക്കർ ഭൂമി റവന്യൂവകുപ്പിൽ പുനർനിക്ഷിപ്തമാക്കിയാണ് പാട്ടത്തിന് നൽകുന്നത്. ചൂർണ്ണിക്കര വില്ലേജിൽ എഫ്.ഐ.ടി ക്ക് പാട്ടത്തിനു നൽകിയിരിക്കുന്ന ഭൂമിയിൽ നിന്നും രണ്ടു മുതൽ നാല് ഏക്കർ ഭൂമി പാതയോര വിശ്രമകേന്ദ്രം സ്ഥാപിക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി അപേക്ഷ സമർപ്പിച്ചിരുന്നു.
പ്രവാസി മലയാളികളിൽ നിന്നും 74 ശതമാനം ഓഹരി മൂലധനനിക്ഷേപം സമാഹരിച്ചും 26 ശതമാനം ഓഹരി മൂലധനം സർക്കാർ നിക്ഷേപിച്ചുമാണ് കമ്പനി രൂപീകരിച്ചത്. കമ്പനിയുടെ ഭരണപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരവും കമ്പനികളുടെ നിയന്ത്രണവും സർക്കാരിൽ നിലനിർത്തിയാണ് 2011ൽ രൂപീകരിച്ച കമ്പനിയുടെ പ്രഥമ സംരംഭമാണ് അന്താരാഷ്ട്ര നിലവാരമുള്ള ദേശീയ-സംസ്ഥാന പാതയോരത്തെ വിശ്രമകേന്ദ്രങ്ങൾ.
ഈ പ്രോജക്ടിൽ ഫുഡ് കോർട്ടുകൾ, പെട്രോൾ സ്റ്റേഷനുകൾ, വാഹന അറ്റകുറ്റപണി കേന്ദ്രങ്ങൾ, ചെറിയ ക്ലിനിക്കുകൾ, പൊലിസ് എയ്ഡ് പോസ്റ്റുകൾ, വാഷ് റൂമുകൾ എന്നിവ ഉൾപ്പെടുന്നു ഒ.കെ.ഐ.എച്ച്.എൽ എന്ന കമ്പനിക്കാണ് ഭൂമി പാട്ടത്തിന് നൽകിന്നതെങ്കിലും ഈ കമ്പനിയുടെ മറ്റൊരു ഉപകമ്പനിയാണ് റെസ്റ്റ് സ്റ്റോപ്പ് (വിശ്രമകേന്ദങ്ങൾ) പദ്ധതി നടപ്പിലാക്കുന്നതെന്നാണ് പ്രോജക്ട് റിപ്പോർട്ട്.
കമ്പോളവില കണക്കാക്കിയാൽ ഒരു സെൻറിന് എട്ട് ലക്ഷം രൂപ വ്യായവില ഈ ഭൂമിക്ക് കണക്കാക്കാം എന്നാണ് ലാൻഡ് റവന്യു കമീഷണറുടെ റിപ്പോർട്ട്. കമ്പോള വിളയാകട്ടെ സെൻറിന് 16 ലക്ഷം കണക്കാക്കാം. ചൂർണിക്കര വില്ലേജിലെ 7.62 ഏക്കർ ഭൂമി നിലവിൽ ഫോറസ്റ്റ് ഇൻസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡിന് (എഫ്.ഐ.ടി)
പാട്ടത്തിന് നൽകിയതാണ്.
പാട്ടത്തിന് നൽകിയിട്ടുള്ള സ്ഥലത്ത് നാഷണൽ ഹൈവേക്ക് അഭിമുഖമായി എഫ്.ഐ.ടി യുടെ ഓഫീസ് സമുച്ചയം, ഷോ റൂം, വർഷോപ്പ്, സെക്യൂരിറ്റി ക്യാബിൻ തുടങ്ങിയവയുണ്ട്. ഉപയോഗശൂന്യമായ ട്രീറ്റ്മെൻറ് പ്ലാൻറ്. ട്രാൻസ്ഫോമർ കെട്ടിടവും ഇവിടെ നിലവിലുണ്ട്. ഈ സ്ഥലം ഒഴിവാക്കിയാൽ പാട്ടത്തിന് അനുവദിച്ചിട്ടുള്ള ഭൂമിയിൽ നിന്നും ഏകദേശം ഒന്ന് ^ ഒന്നര ഏക്കർ സ്ഥലം മാത്രമേ ലഭ്യമാകുകയുള്ളൂ. അത് എഫ്. ഐ.ടി ക്ക് പാട്ടത്തിന് നൽകിയിട്ടുള്ള സ്ഥലത്തിന്‍റെ പടിഞ്ഞാറു ഭാഗത്തുള്ള ഭൂമിയാണെന്ന് ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ട് നൽകി.
പാതയോര വിശ്രമ കേന്ദ്രം ആരംഭിക്കുന്നത് ഭൂമിയുടെ കമ്പോള വിലയുടെ അഞ്ച് ശതമാനം പാട്ട നിരക്കിലും വ്യവസ്ഥകൾക്കും വിധേയമായിട്ടാണ് 10 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നത്. ഭൂമി അനുവദിച്ച ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ. ഭൂമി പാട്ടത്തിനോ ഉപപാട്ടത്തിനേ നൽകാൻ പാടില്ല. ഭൂമി അനുവദിച്ച ഒരു വർഷത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കണം. ഭൂമിയിലെ മരങ്ങൾ മുറിക്കാൻ പാടില്ല.
മുറിക്കേണ്ട് വന്നാൽ റവന്യൂ അധികാരികളുടെ മുൻകൂർ അനുമതി വാങ്ങണം. മുറിക്കുന്നതിന്‍റെ മൂന്നിരട്ടി വൃക്ഷത്തൈകൾ നട്ടു പരിപാലിക്കണം തുടങ്ങിയ നിബന്ധനകളോയെയാണ് പാട്ടം അനുവദിക്കുന്നത്. വ്യവസ്ഥകളിൽ ഏതെങ്കിലുമൊന്ന് ലംഘിച്ചാൽ ഭൂമി റവന്യൂ വകുപ്പിൽ പുനർ നിക്ഷിപ്തമാകുമെന്നും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലകിന്‍റെ ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.