മദ്യത്തിൽ മയക്കുമരുന്ന് കലർത്തി സ്വർണവും ഫോണും കവർന്നു; യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ ദമ്പതികൾ പിടിയിൽ
text_fieldsചെങ്ങന്നൂർ (ആലപ്പുഴ): ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് ഹണിട്രാപ്പിൽ കുടുക്കി യുവാവിന്‍റെ സ്വർണാഭരണങ്ങളും ഫോണും കവർന്ന കേസിലെ പ്രതികളായ ദമ്പതികളെ ചെങ്ങന്നൂർ പൊലീസ് കന്യാകുമാരിയിൽനിന്നും അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ മുളക്കുഴ സ്വദേശി രാഖി (31), ഭർത്താവ് അടൂർ പന്തളംകുരമ്പാല സ്വദേശി രതീഷ് (36) എന്നിവരെയാണ് ഞായറാഴ്ച പുലർച്ചെ
ചെങ്ങന്നൂർ സി.ഐ ബിജു കുമാറിന്‍റെ നേതൃത്വത്തിലെ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 18ന് എം.സി റോഡിൽ ചെങ്ങന്നൂരിലെ ജില്ല ആശുപത്രിക്ക് സമീപമുള്ള ലോഡ്ജ് മുറിയിൽ വെച്ച് ചേർത്തല തുറവൂർ സ്വദേശി വിവേകിന് മയക്കുമരുന്ന് കലർത്തിയ ബിയർ നൽകി അഞ്ചര പവന്‍റെ സ്വർണാഭരണങ്ങളും ഫോണും കവരുകയായിരുന്നു.
തമിഴ്നാട്ടിൽ വീട് വാടകക്കെടുത്ത് താമസിച്ച് വരികായാണ് ദമ്പതികൾ. ശാരദ എന്ന പേരിൽ ഫേസ്ബുക്ക് ഐ.ഡി ഉണ്ടാക്കി യുവാക്കളെ വലയിലാക്കുകയായിരുന്നു ഇവരുടെ രീതി.
ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന പുരുഷൻമാരെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് വിളിച്ചുവരുത്തും. ഒരു ദിവസം രണ്ടും മൂന്നും പേരെ ഇത്തരത്തിൽ ഒരു നഗരത്തിൽ വിളിച്ചുവരുത്തും. ഇവിടങ്ങളിലെ വിവിധ ഹോട്ടലുകളിൽ ഇവർ അന്നേദിവസം മുറികൾ എടുക്കും. തുടർന്നാണ് തട്ടിപ്പ് നടത്തുന്നത്.
സമാന രീതിയിൽ പല സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നു. സി.ഐ ബിജു കുമാറിന്‍റെ നേതൃത്വത്തിലെ അന്വേഷണ സംഘത്തിൽ സീനിയർ സി.പി.ഒമാരായ എസ്. ബാലകൃഷ്ണൻ, യു. ജയേഷ്, പത്മകുമാർ, രതീഷ് കുമാർ, സി.പി.ഒമാരായ സിജു, അനിൽകുമാർ എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.