കൊച്ചിയെ കൊള്ളയടിക്കാൻ വിമാനത്തിലെത്തിയ കൊള്ളസംഘം വലയിൽ; അതിവേഗം കവർന്നത് ലക്ഷങ്ങൾ
text_fieldsകൊച്ചി: കൊച്ചി നഗരത്തെ കൊള്ളയടിക്കാൻ ഉത്തരേന്ത്യയിൽനിന്ന് പറന്നിറങ്ങിയ കൊള്ളസംഘം പിടിയിൽ. കഴിഞ്ഞ 21 മുതൽ നഗരത്തിന്‍റെ വിവിധയിടങ്ങളിലെ ആറ് വീടുകൾ കൊള്ളയടിച്ച സംഘങ്ങൾ ലക്ഷക്കണക്കിന് രൂപയും സ്വർണവും മൊബൈൽ ഫോണുകളും കവർന്നത്.
മൂന്ന് ദിവസത്തിനുള്ളിൽ നാല് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറ് വീടുകളാണ് മൂന്നംഗ സംഘം കൊള്ളയടിച്ചത്. ഉത്തരാഖണ്ഡ് സ്വദേശി മിന്‍റു വിശ്വാസ് (47), ഉത്തർപ്രദേശ് സ്വദേശികളായ ഹരിചന്ദ്ര (33), ചന്ദ്രഭൻ (38) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ രണ്ടുപേർ ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും വിമാനത്തിലാണ് കൊച്ചിയിലെത്തിയതെന്ന് പൊലീസ് കണ്ടെത്തി.
കഴിഞ്ഞ 21ന് കൊച്ചിയിലെത്തിയ മിന്‍റു വിശ്വാസിന്‍റെ നേതൃത്വത്തിലാണ് സംഘം കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ടു കിട്ടാവുന്നത്ര സ്വർണവും പണവുമായി മടങ്ങുകയെന്നതായിരുന്നു ലക്ഷ്യം. പൂട്ടിക്കിടക്കുന്ന ആഡംബരവീടുകളാണ് സംഘം ലക്ഷ്യം വെച്ചത്.
കൊച്ചിയിലെത്തിയ 21ന് തന്നെ കടവന്ത്ര ജവഹർ നഗറിലെ വീട്ടിൽകയറി എട്ടു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. തൊട്ടടുത്ത ദിവസം എളമക്കര കീർത്തിനഗറിലാണ് മോഷണം നടത്തിയത്. വീട്ടിൽനിന്ന് മൂന്ന് പവൻ സ്വർണാഭരണങ്ങളും 8500 രൂപയും കവർന്ന പുറത്തിറങ്ങിയത് പത്തുമിനിറ്റിനുള്ളിലാണ്.
ഡോഗ് സ്ക്വാഡിനെ ഉൾപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് രണ്ടിടത്തും കവർച്ച നടത്തിയത് ഒരേ സംഘമാണെന്ന് കണ്ടെത്തിയത്. പൊലീസ് പ്രതികൾക്ക് വേണ്ടി അന്വേഷണം നടക്കുന്നതിനിടയിൽ തന്നെ കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു വീട്ടിലും മോഷണം നടന്നു.
എളമക്കര മണിമല ക്രോസ് റോഡിലെ വീട്ടിൽനിന്നും ഒന്നരലക്ഷം രൂപ വില വരുന്ന വാച്ചും പാലാരിവട്ടം വീട്ടിൽനിന്ന് 35000 രൂപയും നോർത്ത് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിലും ഇതിനിടയിൽ സംഘം മോഷണം നടത്തി.
ഇതോടെ കൊച്ചി സിറ്റി ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ കടവന്ത്ര, എളമക്കര, നോർത്ത്, സെൻട്രൽ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കുകയും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചതോടെയാണ് സംഘം വലയിലായത്.
സി.സി.ടി.വിയിൽനിന്നും ലഭിച്ച ചിത്രങ്ങളുമായി ജില്ലയിലെ മുഴുവൻ സ്റ്റേഷനിലെയും പൊലീസുകാരെ ഉപയോഗിച്ച് അന്തർസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും ഹോട്ടലുകളിലും ലോഡ്ജുകളിലും നടത്തിയ റെയ്ഡിൽ പുലർച്ച രണ്ടുമണിയോടെ ഇവർ താമസിച്ചിരുന്ന ലോഡ്ജ് കണ്ടെത്തി. തുടർന്ന് നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം ഭക്ഷണം കഴിക്കാൻ വരുന്നതിനിടയിൽ പ്രതികളെ പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.