കൊടകര പണം കവർച്ച: പരാതി നൽകിയ ധർമ്മരാജൻ ആർ.എസ്.എസ് പ്രവർത്തകനെന്ന് ഡി.എസ്.പി
text_fieldsതൃശൂർ: ദേശീയ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിനെത്തിച്ച മൂന്നരക്കോടി രൂപ കൊടകരയിൽ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പണം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയ കോഴിക്കോട്ടെ അബ്കാരി ധർമ്മരാജൻ ആർ.എസ്.എസ് പ്രവർത്തകനെന്ന് തൃശൂർ റൂറൽ എസ്.പി പൂങ്കുഴലി പറഞ്ഞു.
പരാതിയിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ കൂടുതൽ പണം പിടിച്ചെടുത്തിട്ടുണ്ട്. അക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്. കൂടുതൽ പേരെ ചോദ്യം ചെയ്യുന്നത് വഴി ഇക്കാര്യം തെളിയിക്കാൻ സാധിക്കുമെന്നും എസ്.പി പൂങ്കുഴലി മാധ്യമങ്ങളോട് പറഞ്ഞു.
കവർച്ചാ കേസിൽ ഇന്ന് ഒരാൾ കൂടി പിടിയിലായി. ഷുക്കൂർ എന്ന ആളാണ് പിടിയിലായത്. ഇയാളിൽ നിന്ന് 30,000 രൂപ കണ്ടെത്തിയിട്ടുണ്ട്. അഞ്ചു പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്. ഇവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട്, കണ്ണൂർ, ബംഗളൂരു എന്നിവിടങ്ങളിൽ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.
കാറുകളിലെത്തിയ സംഘം അപകടമുണ്ടാക്കി 25 ലക്ഷം രൂപ കവർന്നു എന്നായിരുന്നു ധർമരാജെൻറ ഡ്രൈവർ ഷംജീറിന്റെ പരാതി. ഇതിൽ 23.34 ലക്ഷം രൂപ അന്വേഷണസംഘം കണ്ടെടുത്തു. കേസിലെ ഒമ്പതാം പ്രതി വെളൂക്കര കോണത്തുകുന്ന് തോപ്പിൽ വീട്ടിൽ ബാബുവിെൻറ വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഇതിന് പുറമേ മൂന്ന് പവന്റെ സ്വർണാഭരണവും കേരള ബാങ്കിൽ ആറുലക്ഷം രൂപ വായ്പ തിരിച്ചടച്ചതിന്റെ രസീതും കണ്ടെത്തി.
അതിനിടെ, കാറിൽ പണവുമായി പോകുന്ന വിവരം കവർച്ചാസംഘത്തിന് ചോർത്തി നൽകിയത് ഷംജീറിെൻറ സഹായി റഷീദാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഷംജീറിനെയും റഷീദിനെയും പ്രതി ചേർത്തേക്കും. ഒളിവിൽ പോയ റഷീദിനായി തിരച്ചിൽ തുടരുകയാണ്.
അതേസമയം, ദേശീയ പാർട്ടിയെ നിയന്ത്രിക്കുന്ന സംഘടനയുടെ അന്വേഷണത്തിൽ ഗൗരവതരമായ കണ്ടെത്തലാണ് ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ സംസ്ഥാന നേതാവിന് പങ്കുള്ളതായി സൂചന ലഭിച്ചതിനെ തുടർന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് നേതൃത്വം.
സംഭവമുണ്ടായ ഉടൻ ആദ്യം വിളി പോയത് ഇയാളുടെ ഫോണിലേക്കായിരുന്നു. ഈ കാൾ ലിസ്റ്റ് പൊലീസിനും ലഭിച്ചിട്ടുണ്ട്. നാല് ദിവസമായി ഇദ്ദേഹത്തെ വിളിച്ചിട്ട് കിട്ടുന്നില്ലത്രേ. പിടിയിലാവാനുള്ള മൂന്ന് പേരെകൂടി കിട്ടിയാലേ രാഷ്ട്രീയ ബന്ധം ഉൾപ്പെടെ അറിയാനാവൂ എന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.