രണ്ട് സ്ഥാപനങ്ങളിൽ കവർച്ച; രണ്ട് പ്രതികൾ അറസ്റ്റിൽ
text_fieldsകാഞ്ഞങ്ങാട്: ഐസ്ക്രീം ഗോഡൗണിലും ചോക്ലറ്റ് കടയിലും കവർച്ച നടത്തിയ സംഭവങ്ങളിൽ രണ്ടുപേർ പിടിയിൽ. ഐസ് ക്രീം ഗോഡൗണിന്റെ ഷട്ടർ തകർത്ത് കവർച്ച നടത്തിയ മൂന്നംഗ സംഘത്തിലെ ഒരാളും നഗരത്തിലെ ചോക്ലറ്റ് കട കുത്തിത്തുറന്ന് കവർച്ച നടത്തിയ മൂന്നംഗ സംഘത്തിലെ ഒരാളുമാണ് അറസ്റ്റിലായത്. കുശാൽ നഗർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിവീഷ് (19) ആണ് ഐസ് ക്രീം ഗോഡൗൺ കുത്തിത്തുറന്ന കേസിൽ അറസ്റ്റിലായത്.
പ്രതിയെ ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് കോടതി റിമാൻഡ് ചെയ്തു. രണ്ടുപേർ കൂടി അറസ്റ്റിലാവാനുണ്ട്.
വടകര മുക്കിലെ കരവളി മാർക്കറ്റിങ് എന്ന ഐസ്ക്രീം ഗോഡൗണിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. 70,000 രൂപ നഷ്ടപ്പെട്ടിരുന്നു. കാർബോർഡ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന പണമാണ് സംഘം കൊണ്ടുപോയത്.
സ്ഥാപനത്തിനകത്ത് കയറി കവർച്ച നടത്തുന്നതിന്റെയും മാസ്ക് ധരിച്ച് നടന്ന് പോകുന്നതിന്റെയും സി.സി.ടി.വി ദ്യശ്യം ലഭിച്ചതിനെ തുടർന്ന് ദൃശ്യം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സ്ഥാപന ഉടമ കർണാടക സുള്ള്യ സ്വദേശ രോഹൻ ഡിസൂസയുടെ പരാതിയിലായിരുന്നു കേസ്.
കഴിഞ്ഞ 14ന് റജിസ്റ്റർ ചെയ്ത ചോക്ലറ്റ് കടയിലെ കവർച്ച കേസിൽ അജാനൂർ കൊളവയലിലെ ഫസൽ റഹ്മാനാണ് (19) പിടിയിലായത്.
കോട്ടച്ചേരിയിലെ മൊണാർക്ക് എന്റർപ്രൈസസിന്റെ ഷട്ടർ പൂട്ട് തകർത്ത് 1680 രൂപയും 42430 രൂപയുടെ ചോക്ലറ്റും കവർന്ന കേസിലാണ് ഫസൽ റഹ്മാൻ അറസ്റ്റിലായത്. സ്ഥാപന ഉടമ അബ്ദുൽ ഖയ്യൂമിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. രണ്ട് കവർച്ച കേസുകളിലും ഉൾപ്പെട്ട പ്രായപൂർത്തിയാകാത്തയാൾ പൊലീസ് വലയിലുണ്ട്.
കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.പി. വിനോദ്, ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ്, എസ്.ഐ അബൂബക്കർ കല്ലായി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.