കോവിഡ് രോഗികളുടെ പരിചരണത്തിന് റോബോട്ടുകൾ
text_fieldsപത്തനംതിട്ട: കൈയില്‍ കുഞ്ഞി ട്രേയും പിടിച്ച് സമയാസമയം മുരുന്നും ഭക്ഷണവും വെള്ളവും ബെഡ്ഷീറ്റുമായി കോവിഡ് രോഗികളുടെ മുറിയിലെത്തി നിറചിരിയും സമ്മാനിച്ച് അവര്‍ തിരികെ പോകും. ചികിത്സയിലുള്ളവര്‍ക്ക് ഡോക്ടറെയോ വീട്ടുകാരെയോ കാണണമെന്ന ആവശ്യം പറഞ്ഞാല്‍ ഞൊടിയിടയില്‍ വിഡിയോ കാളിലൂടെ അവരെയും അടുത്തെത്തിക്കും. നാലടി പൊക്കം മാത്രമുള്ള ഇത്തിരിക്കുഞ്ഞന് 'റോബോട്ട് നഴ്സുമാര്‍' ചെയ്തുനല്കുന്ന സേവനങ്ങളാണിത്.
ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രിയില്‍ ആരംഭിച്ച ഫസ്റ്റ് ലൈന്‍ കോവിഡ് കെയര്‍ ട്രീറ്റ്മെൻറ് സെൻററിലാണ് ആശ സാഫി എന്നുപേരുള്ള രണ്ട് റോബോട്ടുകളുടെ സേവനം ലഭിക്കുക. ആരോഗ്യരംഗത്ത് ആശ പ്രവര്‍ത്തകര്‍ നടത്തുന്ന നിസ്വാര്‍ഥ സേവനത്തിനു നല്കുന്ന ആദരസൂചകമായിട്ടാണ് റോബോട്ടുകള്‍ക്ക് ആശ എന്ന് പേരിട്ടത്.
ഒരേസമയം (ഒരുമണിക്കൂറില്‍) ഒരു റോബോട്ടിന് നാലു മുറികളിലേക്കുള്ള സാധനങ്ങളെത്തിക്കാന്‍ സാധിക്കും. കോവിഡ് കെയര്‍ സെൻററില്‍ രണ്ടു നിലകളിലായി 40 മുറികളാണുള്ളത്.
മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ളവ എത്തിക്കുക മാത്രമല്ല ഡ്യൂട്ടി ഡോക്ടര്‍ക്കും ഡി.എം.ഒ അടക്കമുള്ള മറ്റ് നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരേസമയം രോഗിയെ കണ്ടുകൊണ്ട് ആശവിനിമയം നടത്താനുള്ള സൗകര്യവും റോബോട്ടിലുണ്ട്. റോബോട്ടുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്ക്രീനിലൂടെയാണിത്. 15 മീ. ദൂരത്തുനിന്നുവരെ ഇവയെ നിയന്ത്രിക്കാം. എട്ടു കി.ഗ്രാം വരെ ഭാരമുള്ള വസ്തുക്കള്‍ ഇവക്ക് എടുക്കാന്‍ കഴിയും. ആരോഗ്യ പ്രവര്‍ത്തകരുടെ നിർദേശപ്രകാരമാകും ഇവ പ്രവര്‍ത്തിക്കുന്നത്.
കൂടാതെ രോഗിക്ക് നൽകേണ്ട നിർദേശങ്ങള്‍ റോബോട്ടിലൂടെ നല്‍കാനും സാധിക്കും. വള്ളംകുളം നാഷനല്‍ ഹൈസ്കൂളിലെ അഡല്‍ ലാബില്‍ നിര്‍മിച്ച റോബോട്ടുകളെ തിരുച്ചിറപ്പള്ളി ആസ്ഥാനമായ പ്രൊപ്പല്ലര്‍ ടെക്നോളജി ഗ്രൂപ്പാണ് വികസിപ്പിച്ചെടുത്തത്. റോബോട്ടുകളുടെ ഡെമോണ്സ്ട്രേഷന് വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.