റോബിൻ ബസ് ഉടമ ഗിരീഷ് ചെക്ക് കേസിൽ അറസ്റ്റിൽ
text_fieldsപത്തനംതിട്ട: കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയ റോബിൻ ബസിന്റെ ഉടമ ഗിരീഷിനെ അറസ്റ്റ് ചെയ്തു. 2012ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് പാലായിലെ വീട്ടിൽ നിന്ന് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.
ഗിരീഷിനെയും കൊണ്ട് പൊലീസ് എറണാകുളത്തേക്ക് പോയി. മരട് പൊലീസ് സ്റ്റേഷനിലായിരുന്നു ചെക്ക് കേസ്. ഗിരീഷിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. പൊലീസിന്റെ പ്രതികാര നടപടിയാണിതെന്നാണ് കുടുംബത്തിന്റെ ആരോപണം.
തന്നെ സർക്കാർ വേട്ടയാടുകയാണെന്ന് ഗിരീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തന്റെ ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിർദേശമുണ്ട്. എന്നാൽ പലയിടത്തും ബസ് തടഞ്ഞ് പിഴ ഇടാക്കുകയാണ്. ദിവസവും പതിനായിരക്കണക്കിന് രൂപ പിഴ ഈടാക്കി തന്നെ തളർത്താനാണ് ശ്രമമെന്നും റോബിൻ പറഞ്ഞിരുന്നു.
തമിഴ്‌നാട് എം.വി.ഡി കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം കേരളത്തിലെത്തിയ റോബിൻ ബസ് എം.വി.ഡി പിടിച്ചെടുത്തിരുന്നു. തുടർച്ചയായ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് പത്തനംതിട്ട-കോയമ്പത്തൂർ സർവീസ് നടത്തിയ ബസ് പിടിച്ചെടുത്തത്. വൻ പൊലീസ് സന്നാഹത്തോടെ വ്യാഴാഴ്ച അർധരാത്രി പിടിച്ചെടുത്ത ബസ് പത്തനംതിട്ട എ.ആർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. തുടർച്ചയായ നിയമലംഘനത്തിന് ബസിന്റെ പെർമിറ്റും ഡ്രൈവർമാരുടെ ലൈസൻസും റദ്ദാക്കാൻ നടപടി തുടങ്ങിയെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.