റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി; പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയും
text_fieldsപത്തനംതിട്ട: അനധികൃത അന്തർ സംസ്ഥാന സർവീസ് നടത്തിയെന്ന് ആരോപിച്ച് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് ഒരു മാസത്തെ ഇടവേളക്കു ശേഷം വീണ്ടും സർവീസ് തുടങ്ങി. മുൻകൂട്ടി ബുക്ക് ചെയ്ത 41 യാത്രക്കാരുമായാണ് ബസ് പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര പുറപ്പെട്ടത്.
അതിനിടെ, ബസ് സർവീസ് തുടങ്ങിയതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പും നടപടി തുടങ്ങി. പത്തനംതിട്ട മൈലപ്രയിലും തൊടുപുഴക്ക് സമീപം ആനിക്കാടുമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി ബസിൽ പരിശോധന നടത്തി. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽ നിന്ന് സർവീസ് തുടങ്ങി രണ്ട് കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞത്.
അനധികൃത അന്തർ സംസ്ഥാന സർവിസ് നടത്തിയെന്ന് ആരോപിച്ച് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശപ്രകാരം കഴിഞ്ഞ ദിവസമാണ് ഉടമക്ക് വിട്ടുകൊടുത്തത്. മോട്ടോർ വാഹനവകുപ്പ് ചുമത്തിയ 82,000 രൂപ ഉടമ അടച്ചതിനെ തുടർന്ന് ബസ് വിട്ടുകൊടുക്കാൻ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തുടർന്ന് ഉടമ പാലാ സ്വദേശി ബേബി ഗിരീഷ് പൊലീസിനെ സമീപിച്ചെങ്കിലും വിട്ടുകൊടുത്തിരുന്നില്ല. നടപടികൾ പൂർത്തിയാക്കി ഞായറാഴ്ചയാണ് കൈമാറിയത്.
അതേസമയം, പത്തനംതിട്ട എ.ആർ ക്യാമ്പിൽ നിർത്തിയിട്ട ബസിലെ വിലപിടിപ്പുള്ള പല സാധനങ്ങളും മോഷണംപോയതായി ഉടമ ആരോപിച്ചിരുന്നു. നവംബർ 24ന് പുലർച്ചയാണ് ബസ് പിടിച്ചെടുത്തത്. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സർവീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
മോട്ടോർ വാഹന വകുപ്പിന് ആവശ്യമെങ്കിൽ വാഹനം പരിശോധിക്കാമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പൊലീസ് സുരക്ഷ നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഹൈകോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കുംവിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ബസ് പിടിച്ചെടുത്തത്. നിയമലംഘനങ്ങളുടെ പേരിൽ പലപ്രാവശ്യമായി കനത്ത പിഴയും ചുമത്തിയിരുന്നു.
നിരന്തരം നിയമലംഘനങ്ങൾ നടത്തിയെന്നു കാട്ടി നേരത്തേ ഗതാഗത വകുപ്പ് ബസിന്റെ പെർമിറ്റ് റദ്ദാക്കിയിരുന്നു. സർക്കാർ നടപടിക്കെതിരെ ബസ് ഉടമകളുടെ ഹരജിയിൽ ഹൈകോടതി പെര്മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചിരുന്നു.
അതേസമയം, റോബിൻ ബസ് ഉടമകളുടെ ഹരജിയിൽ ഹൈകോടതിയിൽ കേസ് നടപടികൾ തുടങ്ങുകയാണ്. ജനുവരി അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. 2023ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോഴിക്കോട് സ്വദേശി കിഷോറിന്റെ പേരിലായിരുന്നു ബസിന്റെ ഓൾ ഇന്ത്യ പെർമിറ്റ്. ഗിരീഷിനാണ് നടത്തിപ്പ് ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.