സഹായി ചമഞ്ഞ് കിടപ്പുരോഗികളുടെ വീട്ടില്‍ മോഷണം: ഉരുക്കിയ സ്വര്‍ണമാല കണ്ടെത്തി
text_fieldsമുക്കം: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെന്ന വ്യാജേന സഹായവാഗ്ദാനം നടത്തി അഗസ്ത്യന്‍മൂഴിയിലെ പ്രായമായ ദമ്പതിമാരുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച ഒന്നരപ്പവെൻറ സ്വര്‍ണമാല ഉരുക്കിയനിലയില്‍ കോഴിക്കോട് കമ്മത്ത് ലൈനിലുള്ള ജ്വല്ലറിയില്‍നിന്ന് അന്വേഷണസംഘം കണ്ടെത്തി. പ്രതി പൂവാട്ടുപറമ്പ് കന്മനമീത്തല്‍ പ്രശാന്ത് (38) കഴിഞ്ഞമാസം 22ന് മുക്കം പൊലീസ് പ്രത്യേക അന്വേഷണസംഘത്തിെൻറ പിടിയിലായി കോഴിക്കോട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു.
മോഷ്ടിച്ച മാല കോഴിക്കോട്ടെ ജ്വല്ലറിയില്‍ വിൽപന നടത്തിയതായി പ്രതി കുറ്റസമ്മതം നടത്തി. മുക്കം ഇന്‍സ്പെക്ടര്‍ എസ്. നിസാമിെൻറ നിര്‍ദേശപ്രകാരം എസ്.ഐ രാജീവെൻറ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായി ജ്വല്ലറിയിലെത്തി ഉരുക്കിയനിലയിലുള്ള മാല കണ്ടെടുത്തു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ഇയാള്‍ സമാനരീതിയിലുള്ള നിരവധി മോഷണം നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. 2018ല്‍ ഇതരസംസ്ഥാന തൊഴിലാളികളെ ജോലിക്കാണെന്ന വ്യാജേന ബൈക്കില്‍ കൊണ്ടുപോയി പണവും മൊബൈല്‍ ഫോണുകളും കവര്‍ന്ന കേസിലും ഇദ്ദേഹം പിടിയിലായിട്ടുണ്ട്.
മുക്കം ഇന്‍സ്പെക്ടര്‍ എസ്. നിസാമിെൻറ മേല്‍നോട്ടത്തില്‍ എസ്.ഐ കെ. രാജീവന്, എ.എസ്.ഐ സലീം മുട്ടത്ത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കാസിം, ഷഫീഖ് നീലിയാനിക്കല്‍, സുഭാഷ്, ശിവശങ്കരന് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തി കളവുമുതല്‍ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.