ഇടുക്കി അണക്കെട്ടിന് സമീപം പാറയടർന്നുവീണ സംഭവം: സുരക്ഷവിഭാഗം അന്വേഷിക്കും
text_fieldsചെറുതോണി: ഇടുക്കി അണക്കെട്ടിന് സമീപം പാറയടർന്നുവീണ സംഭവം വൈദ്യുതി ബോർഡിന്റെ സുരക്ഷ വിഭാഗം അന്വേഷിക്കും. അതേസമയം, പാറയടർന്നുവീണത് മൂലം ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു പ്രശ്നങ്ങളുമില്ലെന്ന് സാംസുരക്ഷ അതോറിറ്റി അറിയിച്ചു.
ഡാമിനു സമീപം പാറയടർന്നുവീഴുന്നതും മലയിടിച്ചിലും ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. 2004ൽ രണ്ടുതവണയാണ് പാറകൾ അടർന്നുവീണത്. ഇതേ തുടർന്ന് നാല് വീട്ടുകാരെ റവന്യൂ അധികൃതർ മാറ്റിപ്പാർപ്പിച്ചിരുന്നു. 2010 ഒക്ടോബർ 19ന് ഇടുക്കി ഡാമിന്റെ ഒരുവശത്തുള്ള കുറത്തിമലയുടെ മുകളിൽനിന്ന് കൂറ്റൻ പാറ അടർന്നുവീണു. ഇടുക്കി ഡാം ടോപ്പിൽ കുറത്തിമലയുടെ മുകൾ ഭാഗത്തുനിന്ന് പാറയുടെ ഒരുഭാഗം താഴേക്കുപതിക്കുകയായിരുന്നു. വീടിനു മുകളിലേക്ക് വീഴേണ്ട കൂറ്റൻ പാറക്കഷണം ഗതിമാറി ചളിയിൽ താഴ്ന്നതുമൂലം അന്ന് വൻ അപകടം ഒഴിവായി. കുറവൻ- കുറത്തി മലകൾക്കിടയിലാണ് ഇടുക്കി സ്ഥിതിചെയ്യുന്നത്.
2017 ജൂണിൽ ഇടുക്കി ആർച്ച് ഡാം ബന്ധിപ്പിച്ചിരിക്കുന്ന ഭാഗത്ത് കുറത്തിമലയിൽനിന്ന് പാറ അടർന്നുവീണ് അണക്കെട്ടിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ഇരുമ്പു ഗോവണി തകർന്നിരുന്നു. 2019 ജൂലൈ 29ന് ചെറുതോണി അണക്കെട്ടിന് സമീപം എതിർവശത്തുള്ള മലയിൽനിന്ന് വിനോദസഞ്ചാരികൾക്ക് ടിക്കറ്റ് നൽകുന്ന കൗണ്ടറിന് മുന്നിലേക്ക് പാറ അടർന്നുവീണ സംഭവവും ഉണ്ടായി. സന്ദർശനാനുമതി ഇല്ലാത്ത ദിവസമായിരുന്നതിനാൽ അപകടം ഒഴിവായി.
സംഭവത്തിനുശേഷം ഇതുവഴിയുള്ള പ്രവേശനവും പാർക്കിങ്ങും അധികൃതർ സുരക്ഷയുടെ ഭാഗമായി കുറെക്കാലം നിർത്തിവെച്ചിരുന്നു. മണ്ണിടിച്ചിലും പാറയടർന്നുവീഴുന്നതും ആവർത്തിക്കുമ്പോഴും വിശദമായ പഠനം നടത്തുമെന്നു പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും നടത്താറില്ലെന്ന് ആക്ഷേപമുണ്ട്. 2019ൽ ഡാമിന്റെ ഗവേഷണവിഭാഗം വിശദമായ ശാസ്ത്രീയമായ പഠനം നടത്തണമെന്ന് വൈദ്യുതി ബോർഡിനോട് ശിപാർശ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.