റോഡുവിള വെറ്ററിനറി ഡിസ്പെൻസറിക്ക് ശാപമോക്ഷം
text_fieldsഓയൂർ: അര നൂറ്റാണ്ടിലേറെ പഴക്കമുള്ള വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ റോഡുവിള വെറ്ററിനറി ഡിസ്പെൻസറിക്ക് ശാപമോക്ഷമാകുന്നു. ജീർണാവസ്ഥയിലായ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം എന്നത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിരന്തര ആവശ്യമായിരുന്നു. ചടയമംഗലം എം.എൽ.എ കൂടിയായ മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഇടപെടലിലാണ് ഡിസ്പെൻസറിക്ക് അനുമതിയായത്. കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയതാണ് ഈ കെട്ടിടം. സമീപത്തെ ആൾക്കാർക്ക് കാടുമൂടിയ ഈ പ്രദേശത്തേക്ക് കടന്നുപോകാൻ ബുദ്ധിമുട്ടായിരുന്നു.
കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലായിരുന്ന കെട്ടിടം അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാൻപോലും കഴിയാത്ത നിലയിലായിരുന്നു. വെറ്ററിനറി ഡിസ്പെൻസറി നിൽക്കുന്ന വസ്തുവിനെ സംബന്ധിച്ച വകുപ്പുകൾ തമ്മിലുള്ള തർക്കവും പുതിയ കെട്ടിടം നിർമാണത്തിന് തടസ്സമായി നിന്നു. ഗ്രാമപഞ്ചായത്തിന്റെയും മന്ത്രി ജെ. ചിഞ്ചുറാണിയുടെയും ഇടപെടലിൽ വസ്തുവിൽ കെട്ടിടനിർമാണത്തിന് റവന്യൂവകുപ്പ് ഉപയോഗാനുമതി നൽകുകയായിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ 50 ലക്ഷം രൂപ വിനിയോഗിച്ച് ചടയമംഗലം പി.ഡിബ്ല്യു.ഡി ബിൽഡിങ്സിന്റെ നേതൃത്വത്തിൽ ടെക്നിക്കൽ സാങ്ഷൻ കിട്ടുന്ന മുറക്ക് കെട്ടിടനിർമാണം ആരംഭിക്കാൻ കഴിയുമെന്ന് വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.