റോജോയുടെ പരാതി പിൻവലിപ്പിക്കാൻ ജോളി ശക്തമായി ഇടപെട്ടു
text_fieldsകോഴിക്കോട്: മാതാപിതാക്കളുേടതടക്കം നടന്ന ആറു മരണങ്ങളിലെയും ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മകൻ റോജോ തോമസ് പൊലീസിന് നൽകിയ പരാതി പിൻവലിപ്പിക്കാൻ ജോളി ഇടപെട്ടെന്ന് വ്യക്തമായി. ഇക്കാര്യം ശരിയാണെന്ന് റോജോയുടെ സഹോദരി റെഞ്ചിയും വ്യക്തമാക്കി.
റോജോയുടെ പൊന്നാമറ്റം കുടുംബാംഗങ്ങളും ജോളിയുടെ ചോട്ടയിൽ കുടുംബക്കാരും മാത്രമല്ല, കൊല്ലപ്പെട്ട അമ്മാവൻ മാത്യുവിെൻറ മഞ്ചാടിയിൽ കുടുംബക്കാരും ഇതിനായി ശ്രമിച്ചതിെൻറ വ്യക്തമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.റോജാ പരാതി നൽകിയതിെൻറ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ എസ്.പിക്ക് കീഴിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ആദ്യഘട്ടം അന്വേഷണം ആരംഭിച്ചപ്പോൾതന്നെ ജോളിയുടെ ഇടപെടലുണ്ടായി. ഇക്കാര്യം അറിഞ്ഞതോടെ അന്വേഷണസംഘം തെളിവെടുപ്പ് ശക്തമാക്കി. അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണത്തെ ജോളി ഭയപ്പെടുന്നുണ്ടെന്ന് ഈ ഘട്ടത്തിൽ റോജോയും റെഞ്ചിയും മനസ്സിലാക്കി. കുടുംബാംഗങ്ങളിൽനിന്ന് മാത്രമല്ല, പൊന്നാമറ്റം കുടുംബവുമായി വർഷങ്ങളുടെ പരിചയമുള്ള ചിലരിൽനിന്നുകൂടി പരാതി പിൻവലിപ്പിക്കാൻ ശ്രമം ആരംഭിച്ചതോടെ ഇനി പിന്നോട്ടില്ലെന്ന് റെഞ്ചിയും റോജോയും ഉറപ്പിച്ചു.
പരാതിയിൽ അന്വേഷണം ആരംഭിച്ചതോടെ മിക്കപ്പോഴും വിളിച്ചുകൊണ്ടിരുന്ന പലരും ഫോൺ വിളി നിർത്തി. കുടുംബത്തിൽനിന്ന് ഒറ്റപ്പെടുത്തുന്ന അനുഭവമുണ്ടായി. പരാതിയിൽ കഴമ്പില്ലെന്ന് കണ്ടാൽ വരാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ചിലർ മുന്നറിയിപ്പ് നൽകി. പരാതി ശരിയായാൽ കുടുംബത്തിനുണ്ടാവുന്ന മാനഹാനിയെക്കുറിച്ചായിരുന്നു മറ്റ് ചിലരുടെ ആവലാതി. ഇക്കാര്യമെല്ലാം അന്വേഷണ ഉദ്യോഗസ്ഥൻ വിലയിരുത്തിയതോടെ അന്വേഷണം മുറുകി.
റോജോയും റെഞ്ചിയും പരാതി പിൻവലിക്കില്ലെന്ന് ഉറപ്പായതോടെ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കവും ജോളി നടത്തിയതായി സൂചനയുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നപ്പോൾ ജോളി നടത്തിയ യാത്രകളെക്കുറിച്ചും ആരെയൊക്കെ ഫോൺ വിളിച്ചു എന്നതിനെക്കുറിച്ചും അന്വേഷണം ഊർജിതമായി നടക്കുന്നുണ്ട്. അന്വേഷണസംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനും ശ്രമം നടത്തിയതായി സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.