Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വാതന്ത്ര്യസമരത്തിൽ...

സ്വാതന്ത്ര്യസമരത്തിൽ ക്രൈസ്തവരുടെ പങ്ക് ശ്രദ്ധേയമെന്ന് പി.വി. അൻവർ; ‘അപരവൽക്കരിക്കാനുള്ള ശ്രമത്തെ എതിർക്കണം’

text_fields
bookmark_border
PV Anvar
cancel
camera_alt

പി.​വി. അ​ൻ​വ​ർ

കോഴിക്കോട്: ക്രൈസ്തവ വിഭാഗത്തെ അപരവൽക്കരിക്കാനും അരികുവൽക്കരിക്കാനും നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി എതിർക്കണമെന്ന് മുൻ എം.എൽ.എ പി.വി അൻവർ. സ്വാതന്ത്ര്യ സമരത്തിൽ ക്രൈസ്തവരുടെ പങ്ക് ശ്രദ്ധേയമാണ്. ക്രൈസ്തവ വിഭാഗത്തിന്‍റെ രാഷ്ട്രനിർമാണ പങ്കിനെ കുറിച്ച് എല്ലാവരും സംസാരിക്കേണ്ട സമയമാണെന്നും പി.വി അൻവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

പി.വി അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ഗർവാപസിയെ പിന്തുണച്ചു എന്ന ആർ.എസ്.എസ് മേധാവിയുടെ പ്രസ്താവന അവാസ്തവവും പ്രതിഷേധാർഹവും ആണ്. ക്രിസ്ത്യൻ വിഭാഗം രാഷ്ട്ര നിർമ്മാണത്തിനായി നൽകിയ സംഭാവനകളെ തിരസ്കരിക്കുന്നതിന് തുല്യമാണിതെന്ന സി.ബി.സി.ഐയുടെ പ്രസ്താവന ശരിവെച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസും, ഇന്ത്യൻ നാഷണൽ കോൺഗ്രസും രംഗത്തുവന്നത് സ്വാഗതാർഹമാണ്. ക്രിസ്ത്യൻ വിഭാഗത്തിൻറെ രാഷ്ട്ര നിർമ്മാണത്തിനുള്ള പങ്കിനെ കുറിച്ച് എല്ലാവരും സംസാരിക്കേണ്ട സമയമാണിത്.

ഇന്ത്യക്ക് സ്വയംഭരണം സാധ്യമാകണം എന്ന കാര്യത്തിൽ അക്കാലത്ത് നിലവിലുണ്ടായിരുന്ന സാമൂഹിക- രാഷട്രീയ പ്രസ്ഥാനങ്ങളോ, എതെങ്കിലും പ്രത്യേഗ മത വിഭാഗങ്ങളോ വേറിട്ട അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. മതവിഭാഗങ്ങളുടെ കാര്യം പരിശോധിച്ചാൽ, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, സിഖ് അടക്കം എല്ലാവരും തങ്ങളുടെ ജനസംഖ്യക്ക് അനുപാതികമായി സ്വാതന്ത്ര്യസമര പോരാട്ടത്തിന്‍റെ ഭാഗമായിട്ടുണ്ട്.ഈ വിഭാഗങ്ങൾ എല്ലാം ഇന്ത്യ നവോത്ഥാനത്തിനും കൊളോണിയൽ കാലഘട്ടത്തിനു ശേഷമുള്ള ഇന്ത്യയുടെ പുനർനിർമാണത്തിനും നിസ്തുലമായ സംഭാവനകൾ നൽകിയവരാണ്.

ഇന്ത്യൻ ജനസംഖ്യയുടെ രണ്ടു ശതമാനമാണ് അക്കാലത്ത് ക്രൈസ്തവർ. ഭൂരിപക്ഷമുള്ള ഹൈന്ദവരുടെ അത്രയും പ്രാധിനിത്യം സ്വാതന്ത്രസമര ചരിത്രത്തിൽ മുസ്ലിം സമുദായത്തിനും ഇല്ല എന്ന കാര്യം പരിഗണിക്കുമ്പോൾ, അന്ന് രാജ്യത്ത് രണ്ടു ശതമാനം മാത്രം ജനസംഖ്യയുള്ള ക്രൈസ്തവ സമൂഹവും അവരുടേതായ പ്രാധിനിത്യവും സംഭാവനയും സ്വാതന്ത്ര്യസമര പോരാട്ടങ്ങൾക്കും രാഷ്ട്ര നിർമ്മാണത്തിനും നൽകിയിട്ടുണ്ട്. ജനസംഖ്യാനുപാതികമായി നോക്കിയാൽ കേവലം രണ്ട് ശതമാനം ഉണ്ടായിരുന്ന ക്രിസ്ത്യാനികളുടെ പങ്ക് സ്വാതന്ത്ര്യ സമരത്തിൽ ശ്രദ്ധേയമായിരുന്നു എന്ന് കാണാൻ കഴിയും. ‘ദീനബന്ധു’ സി.എഫ്. ആൻഡ്രൂസ്,‘ ഉത്കൽ ഗൗരവ്, മധുസൂദൻ ദാസ്, ജെ.സി കുമാരപ്പ, ബ്രഹ്മബന്ധാബ് ഉപാധ്യായ, ജോർജ് ജോസഫ്, ജോക്കിം & വയലറ്റ് അൽവ, എച്ച്.സി മുഖർജി, എ.ജെ. ജോൺ, ജോസഫ് ബാറ്റിസ്റ്റ, Lambert മാസ്കരനാസ്, ടൈറ്റസ്ജി എന്നറിയപ്പെടുന്ന തേവർ തുണ്ടിയിൽ ടൈറ്റസ് എന്നിവർ ദേശീയ തലത്തിൽ അറിയപ്പെട്ടിരുന്ന ക്രിസ്ത്യാനികളായ സ്വാതന്ത്ര്യ സമരസേനാനികളിൽ പ്രമുഖരാണ്.

മലയാളികളായ റ്റി.എം വർഗ്ഗീസ് ജോർജ്ജ്, ജോസഫ് ആനിമസ്ക്രീന്, എ.ജെ ജോൺ, പി.സി ജോർജ്ജ്, കെ.എം കോര, പി.ഡി പുന്നൂസ്, എം മാത്തുണ്ണി, കെ.സി മാമ്മൻ മാപ്പിള, പി.ടി ചാക്കോ, ടി.വി തോമസ്, കുളത്തുങ്കൽ പോത്തൻ, എം.ജി കോശി, ചാക്കോ കാഞ്ഞൂപ്പമ്പൻ, ബേബി ജോൺ, മാമ്മൻ കണ്ണന്താനം, കെ.സി ജോർജ്ജ്, ടി.കെ വർഗ്ഗീസ് വൈദ്യൻ, ഡി.സി കിഴക്കേമുറി, അക്കാമ്മാ ചെറിയാൻ, റോസമ്മ പുന്നൂസ്, എൻ. അലക്സാണ്ടർ, കെ.എം മാത്യൂ, സി.എം സ്റ്റീഫൻ എന്നവരെല്ലാം കേരള നവോത്ഥാനത്തിന് അളവറ്റ സംഭാവനകൾ നൽകിയവരാണ്. പഴയ നോട്ടിന് പുറകിലുള്ള ദണ്ഡിയാത്രയുടെ പടം എടുത്തു നോക്കിയാൽ അതിൽ ഒരു മലയാളിയെ കാണാം. പേര് ടിജെ ടൈറ്റസ് അഥവാ തേവർ തുണ്ടിയിൽ ടൈറ്റസ്,

ആധുനിക രാഷട്രം സ്വാതന്ത്ര്യാനന്തരം ഒരു രാത്രി കൊണ്ട് ഉണ്ടായിത്തീർന്നതല്ല. ക്രിസ്ത്യൻ മിഷണറി സമൂഹം രാജ്യത്തിൻ്റെ നവോത്ഥാനത്തിനായി നൽകിയ സംഭാവനകളെ അവഗണിക്കാൻ ചരിത്രത്തിന് സാധിക്കില്ല. ഇന്ത്യയിൽ വിദ്യാഭ്യാസ മേഖലയിലും, ആരോഗ്യ മേഖലയിലും, ആതുര സേവന മേഖലയിലും നൂറ്റാണ്ടിലേറെക്കാലം വിവിധ ക്രിസ്ത്യൻ സഭകളുടെ നേതൃത്തത്തിൽ നടത്തിയ ഗണ്യമായ സേവന പ്രവർത്തനങ്ങൾ പ്രത്യേക പഠന വിഷയമാണ്. അലോപ്പതി ചികിത്സാരീതി നമ്മുടെ ഗ്രാമങ്ങളിൽ പരിചിതമായത് മിഷണറി പ്രവർത്തകരിലൂടെയാണ്. കോളറയും, മലമ്പനിയും പടർന്ന് പിടിച്ച മലപ്രദേശങ്ങളിലൂടെ തീർത്ഥാടകരെപ്പോലെ സഞ്ചരിച്ചിട്ടുണ്ട് മിഷണറി സമൂഹം. ആതുര സേവന രംഗത്തെ അഭിമാന നേട്ടമായ പാലിയേറ്റീവ് കെയർ ക്ലിനിക്കുകളുടെ ചെറു മാതൃകകളായിരുന്നു അക്കാലത്ത് മിഷണറി പ്രവർത്തകർ.

ഇംഗ്ലീഷ് വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിലും മിഷണറി സൊസൈറ്റികളുടെ പങ്ക് വലുതാണ്.വിദ്യാഭ്യാസ മേഖലയുടെ പരിവർത്തനത്തിന് കാരണമായ അച്ചടി ഇന്ത്യയിൽ ആരംഭിക്കുന്നതും അച്ചുകൂടങ്ങൾ സ്ഥാപിക്കുന്നതും മിഷണറി സൊസൈറ്റികളുടെ ഭാഗമായിട്ടാണ്. നടന്നെത്താൻ പോലും വഴിയില്ലാതിരുന്ന കേരളത്തിലെ മലയോര ഗ്രാമങ്ങളിൽ സ്കൂളുകളും, ആശുപത്രികളും സ്ഥാപിച്ച് സാമൂഹിക പുരോഗതിയുടെ നെടും തൂണായി മാറിയ ഒരു സമുദായത്തെ അപരവൽക്കരിക്കാനും, അരികുവൽക്കരിക്കാനും നടത്തുന്ന ശ്രമങ്ങളെ നമ്മൾ ഒറ്റക്കെട്ടായി എതിർത്തു തോൽപിക്കേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christiansfreedom strugglePV Anvar
News Summary - Role of Christians in the freedom struggle is remarkable -PV Anvar
Next Story
RADO