Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right400 കോടിയുടെ...

400 കോടിയുടെ കള്ളപ്പണം: ആർ.എസ്.എസ് നേതൃത്വത്തിന്‍റെ പങ്ക് അന്വേഷിക്കണം -പോപുലർ ഫ്രണ്ട്

text_fields
bookmark_border
400 കോടിയുടെ കള്ളപ്പണം: ആർ.എസ്.എസ് നേതൃത്വത്തിന്‍റെ പങ്ക് അന്വേഷിക്കണം -പോപുലർ ഫ്രണ്ട്
cancel

തിരുവനന്തപുരം: ബി.ജെ.പി നേതാക്കൾ പങ്കാളികളായ 400 കോടി രൂപയുടെ കള്ളപ്പണ ഇടപാട് കേസിൽ ആർ.എസ്.എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന്​ പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.പി. റഫീഖ് ആവശ്യപ്പെട്ടു. സംഭവത്തിൽ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ ചോദ്യം ചെയ്യണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരത്ത് പോപുലർ ഫ്രണ്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

''കൊടകരയിൽ നിന്നും കണ്ടെടുത്ത ഹവാല പണത്തിന്‍റെ അന്വേഷണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചെലവഴിച്ച 400 കോടിയിൽ എത്തി നിൽക്കുകയാണ്. ഉന്നത ആർഎസ്എസ്-ബിജെപി നേതാക്കൾക്ക് സംഭവത്തിൽ പങ്കുള്ളതായി വ്യക്തമായിരിക്കുന്നു. ബി.ജെ.പിയെ നിയന്ത്രിക്കാൻ ആർ.എസ്.എസ് നിയോഗിച്ച സംഘടനാ സെക്രട്ടറിയിലേക്ക് കള്ളപ്പണ ഇടപാടിന്‍റെ അന്വേഷണം എത്തിയിരിക്കുന്നു. സംഭവത്തിൽ ഉന്നത നേതാക്കളുടെ പങ്ക് അന്വേഷിക്കണം. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ ഹെലികോപ്റ്ററിൽ കള്ളപ്പണം കടത്തി എന്ന വാർത്ത പുറത്തുവന്നതിനാൽ തന്നെ സുരേന്ദ്രന്‍റെ പങ്കും വ്യക്തമായിരിക്കുന്നു. സുരേന്ദ്രൻ ഉൾപ്പടെയുള്ള ആർഎസ്എസ് ബിജെപി നേതാക്കളെ അടിയന്തരമായി ചോദ്യം ചെയ്യണം' -അ​ദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യദ്രോഹികളായ ഇക്കൂട്ടരെ ജയിലിലടക്കാൻ സർക്കാർ തയ്യാറാവണം. ആർഎസ്എസ്- ബിജെപി നേതാക്കൾ പങ്കാളികളായ കൊടകര കള്ളപ്പണ കേസിൽ മൗനം തുടരുന്ന എൻഫോഴ്സ്മെന്‍റ്​ ഡയറക്ടറേറ്റ് (ഇ.ഡി) തങ്ങളുടെ സത്യസന്ധത സംബന്ധിച്ച് കൃത്യമായ സന്ദേശം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണ ഇടപാടിനെ വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന തലത്തിലേക്ക് ഇ.ഡി മാറിയിരിക്കുന്നു. ചാനൽ ചർച്ചയ്ക്കിടെ മാധ്യമ പ്രവർത്തകനായ വിനുവിന് ഭീഷണി സന്ദേശം അയച്ചത് കേന്ദ്ര ഏജൻസിയാണെന്ന് അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്. ആർഎസ്എസിൻ്റെ പോഷക സംഘടന എന്ന നിലയിലേക്ക് കേന്ദ്ര ഏജൻസിയായ ഇ.ഡി അധപതിച്ചിരിക്കുകയാണ്.

മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടത്തെ വിമർശിക്കുന്നവരെ വ്യാജകഥകൾ മെനഞ്ഞ് വേട്ടയാടാൻ വ്യഗ്രത കാട്ടുന്ന ഇ.ഡി പൂർണമായും ആർഎസ്എസ്സിൻ്റെ ചട്ടുകമായി മാറിയെന്നതിൽ സംശയമില്ല. കേവലം 5000 രൂപ ഒരാൾക്ക് അയച്ചുവെന്നതിന്‍റെ പേരിൽ കേരളത്തിലെ വിദ്യാർഥി നേതാവിനെ അറസ്റ്റ് ചെയ്ത ഇ.ഡി സംസ്ഥാനത്ത് കാട്ടിക്കൂട്ടിയ കോലാഹലങ്ങൾ ചെറുതല്ല. കൂടാതെ ഭരണ-പ്രതിപക്ഷ ഭേദമന്യേ കേരളത്തിൽ മറ്റ് നിരവധി കേസുകളിലും ആരോപണങ്ങളിലും ഇ.ഡിയുടെ ഇടപെടലുകൾ സജീവമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിനിടെ മൂന്നരക്കോടി രൂപയുടെ കള്ളപ്പണം കൊടകരയിൽ പിടികൂടിയിട്ടും ഇ.ഡി അറിഞ്ഞ ഭാവം നടിച്ചിട്ടില്ല. കള്ളപ്പണത്തിന് പിന്നിലുള്ള ബിജെപി- ആർഎസ്എസ് ബന്ധം തന്നെയാണ് ഇ.ഡിയുടെ നിർബന്ധിത മൗനത്തിന് പിന്നിലെന്ന് വ്യക്തമാണ്.

ആധികാരമുപയോഗിച്ച് രാജ്യത്തിന്‍റെ സമ്പദ്ഘടനയെ തകർത്ത് സമാന്തര സാമ്പത്തിക സംവിധാനമുണ്ടാക്കാനാണ് ആർ.എസ്.എസ് ശ്രമിക്കുന്നത്. കൊടകര ഹവാല പണമിടപാടിന്‍റെ അന്വേഷണം സത്യസന്ധമായി മുന്നോട്ടു പോയാൽ ഇത് വ്യക്തമാകുമെന്നും സർക്കാർ അതിന് തയ്യാറാകണമെന്നും റഫീഖ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Popular FrontK SurendranRSSblack moneyBJP
News Summary - Role of RSS leadership in BJP black money case should be investigated -Popular Front
Next Story