മുക്കുപണ്ടം നൽകി വായ്പയെടുത്തയാൾ ബാക്കി പണം വാങ്ങാനെത്തിയപ്പോൾ കുടുങ്ങി
text_fieldsഅടിമാലി: മുക്കുപണ്ടം പണയപ്പെടുത്തി എടുത്ത വായ്പ തുകയുടെ രണ്ടാംഗഡു വാങ്ങാനെത്തിയ യുവാവിനെ തന്ത്രപരമായി കുടുക്കി പണമിടപാട് സ്ഥാപന ഉടമ. പണം തിരികെ കിട്ടിയതിനാൽ കേസ് ഒഴിവാക്കി. അടിമാലി ടൗണിലെ പണമിടപാട് സ്ഥാപനത്തിലാണ് അമ്പഴച്ചാൽ സ്വദേശിയായ യുവാവ് മുക്കു പണ്ടം നൽകി തട്ടിപ്പ് നടത്തിയത്. വെള്ളിയാഴ്ച മുക്കുപണ്ടം നൽകി 60000 രൂപ വായ്പയെടുത്തത്. തൽസമയം പണമിടപാട് സ്ഥാപനത്തിൽ 40000 രൂപയാണ് ഉണ്ടായിരുന്നത്.
ബാക്കി 20000 രൂപ ശനിയാഴ്ച നൽകാമെന്ന് ധാരണയിൽ യുവാവ് മടങ്ങി. ഇയാൾ മടങ്ങിയ ഉടൻ സ്വർണം വിശദമായി പരിശോധിച്ചപ്പോൾ മുക്കു പണ്ടമാണെന്ന് പണമിടപാട് സ്ഥാപനം മനസിലാക്കി. തുടർന്ന് പൊലീസിനെ സമീപിച്ചെങ്കിലും കേസ് വേണ്ടെന്ന നിലപാടിൽ സ്ഥാപനം നിന്നു. പൊലീസിന്റെ നിർദ്ദേശപ്രകാരം പണയപ്പെടുത്തിയ ആൾ ബാക്കി തുക വാങ്ങാൻ എത്തിയപ്പോൾ സ്ഥാപനത്തിൽ തടഞ്ഞ് വെക്കുകയും പൊലീസിന്റെ സഹായത്തോടെ നഷ്ടമായ പണം തിരികെ എടുക്കുകയുമായിരുന്നു.
ഇതിനിടയിൽ 5000 രൂപയോളം നഷ്ടമായെങ്കിലും കേസ് ഒഴിവാക്കി യുവാവിനെ വിട്ടയച്ചു. നിരവധി സാമ്പത്തിക ക്രമക്കേടുകൾക്ക് കേസ് ഉള്ളതും ചാരായ കേസിൽ റിമാന്റിലായിട്ടുള്ളയാളുമാണ് മുക്കുപണ്ട തട്ടിപ്പ് കേസിലെ നായകൻ. അടുത്തിടെ അടിമാലിയിലെ സ്വർണക്കടയിലും മുക്കുപണ്ട തട്ടിപ്പ് നടന്നിരുന്നു. ഒറിജിനൽ സ്വർണം പോലുള്ള മുക്കുപണ്ടം അത്രക്ക് പരിശോധിച്ചാലെ കള്ള നാണെന്ന് മനസിലാക്കാൻ സാധിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.