ബഷീർ കൃതികൾ പരിഭാഷപ്പെടുത്തിയ റൊണാള്‍ഡ് ഇ. ആഷര്‍ അന്തരിച്ചു
text_fieldsലണ്ടന്‍: ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട് തുടങ്ങിയ ബഷീർ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ റൊണാള്‍ഡ് ഇ. ആഷര്‍ (ആർ.ഇ.ആഷർ -96) അന്തരിച്ചു. ലോകപ്രശസ്‌ത ഭാഷാശാസ്ത്രജ്ഞനും ബഹുഭാഷാ പണ്ഡിതനുമായിരുന്നു.
ഡിസംബര്‍ 26നായിരുന്നു മരണം. എഴുത്തുകാരൻ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഡോ. പി. ശ്രീകുമാറിനെ ആഷറുടെ മകന്‍ ഇന്ന് ഇ മെയില്‍ വഴി അറിയിച്ചതോടെയാണ് മരണ വിവരം കേരളം അറിയുന്നത്.
മലയാളമടക്കം ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യ കൃതികള്‍ പാശ്ചാത്യ ലോകത്തിനു പരിചയപ്പെടുത്തിയത് ആഷറാണ്. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട് എന്നീ ബഷീര്‍ കൃതികളും തകഴിയുടെ തോട്ടിയുടെ മകന്‍, മുട്ടത്തുവര്‍ക്കിയുടെ ഇവിള്‍ സ്പിരിറ്റ്, കെ പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്നിവയും റൊണാള്‍ഡ് ഇ. ആഷര്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പെൻഗ്വിൻ സാഹിത്യസഹായി എന്ന റഫറൻസ് ഗ്രന്ഥത്തിൽ മലയാള സാഹിത്യകാരന്മാരെക്കുറിച്ചു ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
1955ല്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി എച്ച് ഡി നേടിയ ആഷര്‍, തമിഴ് ഭാഷാഗവേഷണത്തിന് നാലുവര്‍ഷം ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ചെലവഴിച്ചു. 1965 മുതല്‍ 1993 വരെ എഡിന്‍ബറോ യൂണിവേഴ്‌സിറ്റി പ്രഫസര്‍ ആയിരുന്നു. 1968ല്‍ മിഷിഗന്‍ യൂണിവേഴ്‌സിറ്റി, 1995ല്‍ കോട്ടയം മഹാത്മാ ഗാന്ധി യൂനിവേഴ്‌സിറ്റി എന്നിവയില്‍ മലയാളം വിസിറ്റിങ് പ്രഫസര്‍ ആയിരുന്നു. റോയല്‍ ഏഷ്യറ്റിക് സൊസൈറ്റി ഫെലോ, സാഹിത്യ അക്കാദമി ഹോണററി അംഗം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.