അച്ഛനുറങ്ങാത്ത കൂട്...കൗതുകമാണീ പൂവന്റെ സ്നേഹം
text_fieldsപഴഞ്ഞി: തള്ളക്കോഴിയെ നഷ്ടപ്പെട്ട മക്കളെ സംരക്ഷിക്കുന്ന പൂവൻകോഴി കൗതുക കാഴ്ചയാകുന്നു. പെങ്ങാമുക്ക് കൂനത്ത് രവിയുടെ വീട്ടിലാണ് സംഭവം. തള്ളക്കോഴിയെ ഒരു മാസം മുമ്പ് കാട്ടുപൂച്ച പിടിക്കുകയായിരുന്നു. അമ്മയെ അന്വേഷിച്ച് കരഞ്ഞുനടന്ന കോഴിക്കുഞ്ഞുങ്ങളുടെ സംരക്ഷണം അന്നുമുതൽ പൂവൻകോഴി ഏറ്റെടുത്തു. കൂടെ നടത്തി മണ്ണിൽ ചികഞ്ഞ് ഭക്ഷണം കൊടുക്കുന്നതും അടുത്തെത്തുന്നവരെ ആട്ടിയോടിക്കുന്നതും ചിറകിനടിയിൽ ഒളിപ്പിക്കുന്നതും കണ്ടാൽ പൂവൻകോഴിയാണെന്ന് തോന്നില്ല.
കുഞ്ഞുങ്ങളെ റാഞ്ചാൻ പറന്നെത്തുന്ന കാക്കകളെ വിരട്ടിയോടിക്കുന്നതും കൂട്ടിൽ ചേക്കേറിയാൽ ചിറകിനടിയിൽ ഒതുക്കി സ്നേഹം പ്രകടിപ്പിക്കുന്നതും എറെ കൗതുകം നിറഞ്ഞ കാഴ്ചയാണ്. തള്ളക്കോഴിയുണ്ടെങ്കിൽ കുഞ്ഞുങ്ങളെ കൊത്തിയാട്ടേണ്ട സമയമായിട്ടും പൂവൻേകാഴി അരനാഴിക നേരം പോലും കുഞ്ഞുങ്ങളെ പിരിഞ്ഞിരിക്കുന്നില്ല.
പൂവൻകോഴിയെക്കുറിച്ച് 'നാടൻ കോഴി സ്നേഹികൾ'എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ രവി പോസ്റ്റ് ചെയ്ത വിഡിയോ ഒരു ദിവസം കൊണ്ട് 60,000 പേർ കണ്ടു. വാത്സല്യത്തിെൻറ പ്രതീകമായ പൂവനെ ആയുസ് തീരുവോളം വളർത്തണമെന്നാണ് കമൻറുകളിൽ പലരും ആവശ്യപ്പെടുന്നത്. വിൽക്കാൻ തയ്യാറുണ്ടോ എന്ന അന്വേഷണവും വരുന്നുണ്ട്. മക്കളെ മറക്കാത്ത അച്ഛൻ കോഴിക്ക് വൻ വിലയാണ് പലരും ഓഫർ ചെയ്യുന്നത്. എന്നാൽ തൽക്കാലം വിൽക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് രവി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.