റോസമ്മയുടെ കൊലപാതകം: മരണകാരണം തലക്കേറ്റ ക്ഷതം
text_fieldsമാരാരിക്കുളം: പൂങ്കാവ് പടിഞ്ഞാറ് വടക്കുപറമ്പിൽ വി.വി. റോസമ്മയുടെ (61) മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇവരെ കൊലപ്പെടുത്തുവാൻ ഉപയോഗിച്ച ചുറ്റിക, അറസ്റ്റിലായ സഹോദരൻ ബെന്നിയുടെ വീട്ടിൽ നിന്ന് നേരത്തെ പൊലീസ് കണ്ടെടുത്തിരുന്നു. ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. റോസമ്മയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് ലാബിലേക്ക് അയച്ചിരിക്കുകയാണെന്നും ഇതിന്റെ റിപ്പോർട്ട് കൂടി കിട്ടുന്നതോടെ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.
റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ കിട്ടുന്നതിന് പൊലീസ് ഉടൻ കോടതിയിൽ അപേക്ഷ നൽകും. വിശദമായ ചോദ്യം ചെയ്യലിനായാണിത്. തിങ്കളാഴ്ച ഉച്ചക്കാണ് വീടിന്റെ പിറകിൽ ഭിത്തിയോട് ചേർന്ന് റോസമ്മയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. നാലാം ദിവസം പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. പുനർവിവാഹിതയാകാനുള്ള റോസമ്മയുടെ തീരുമാനമാണ് സഹോദരനായ ബെന്നിയെ കൊലപാതകത്തിന് പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. മേസ്തിരി പണിക്കാരനായ ബെന്നിയെ റോസമ്മ സാമ്പത്തികമായി സഹായിച്ചിരുന്നു. വിവാഹത്തോടെ ഇത് നിലക്കുമെന്ന ആശങ്കയും കൊലപാതകത്തിൽ കലാശിച്ചെന്ന് പറയുന്നു. പൊലീസ് പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ മൃതദേഹം അടക്കാൻ ഉപയോഗിച്ച തൂമ്പയും റോസമ്മയുടെ ഏഴു പവനോളം വരുന്ന സ്വർണാഭരണങ്ങളും കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.