പനങ്ങാട് കായലിലെ എക്കൽ നീക്കാൻ 50 ലക്ഷം അനുവദിക്കുമെന്ന് റോഷി അഗസ്റ്റിൻ
text_fieldsകൊച്ചി: പനങ്ങാട് പ്രദേശത്തെ കായലിൽ അടിഞ്ഞു കൂടിയ എക്കൽ നീക്കം ചെയ്യാൻ അടിയന്തരമായി 50 ലക്ഷം രൂപ അനുവദിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പനങ്ങാട് റോട്ടറി ജലോത്സവത്തോട് അനുബന്ധിച്ചുള്ള കുടുംബശ്രീ ഭക്ഷ്യ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മണ്ണ് നീക്കം ചെയ്യുന്നതിനും മറ്റ് അനുബന്ധ ജോലികൾക്കുമായാണ് തുക അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ നദികളിൽ എക്കലും ചെളിയുമടിഞ്ഞു ഒഴുക്ക് ഗതിമാറിയ സ്ഥിതിയാണ് നിലവിലുള്ളത്. ഇതു പഴയ രീതിയിലേക്ക് മാറേണ്ടതുണ്ട്. ഈ വർഷം സംസ്ഥാനത്തെ നദികളിൽ നിന്നായി ഒരു കോടി ഘനയടി ചെളി നീക്കം ചെയ്യാൻ സാധിച്ചു. അതിന്റെ ഗുണഫലങ്ങൾ ഈ മഴക്കാലത്തു ബോധ്യമായി.
സംസ്ഥാനത്തു കഴിഞ്ഞ ഒന്നര വർഷത്തിനിടെ 13 ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകളാണ് വിതരണം ചെയ്തത്. അടുത്ത മൂന്നു വർഷത്തിനുള്ളിൽ നാല്പത് ലക്ഷം പുതിയ കുടിവെള്ള കണക്ഷനുകൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 65 കിലോമീറ്റർ കടൽ തീരം കടൽക്ഷോഭം രൂക്ഷമായ ഹോട്ട്സ്പോട്ട് ആയി കണ്ടെത്തിയിട്ടുണ്ട്. ചെല്ലാനം മാതൃകയിൽ ഈ സ്ഥലങ്ങളിലും തീര സംരക്ഷണം ആരംഭിക്കും.
ടൂറിസം സാധ്യതകളെ ഗ്രാമീണ മേഖലയിലേക്ക് അടുപ്പിക്കുക എന്നത് പ്രാദേശിക വികസനത്തിൽ സുപ്രധാനമാണ്. കുമ്പളത്തിന്റെ ഗ്രാമീണ ടൂറിസം മേഖലയിൽ വലിയ തോതിലുള്ള മാറ്റമാണ് പനങ്ങാട് ജലോത്സവത്തിന്റെ സംഘടനത്തിലൂടെ ഉണ്ടാവാൻ പോവുന്നത്. ഗ്രാമ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ജലോത്സവം കാരണമാവുമെന്നും മന്ത്രി പറഞ്ഞു.
കെ. ബാബു എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത്, റോട്ടറി ക്ലബ് കൊച്ചിൻ സൗത്ത്, തണൽ ഫൗണ്ടേഷൻ എന്നിവർ ചേർന്നാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. ചേപ്പനം ബണ്ട് പരിസരത്താണ് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഭക്ഷ്യ മേള സംഘടിപ്പിക്കുന്നത്. പ്രാദേശിക കടൽ, കായൽ വിഭവങ്ങളാണ് ഭക്ഷ്യ മേളയിൽ പ്രധാന ആകർഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.