തടസങ്ങള്‍ നീക്കി എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് റോഷി അഗസ്റ്റിന്‍
text_fieldsകൊച്ചി: തടസങ്ങള്‍ നീക്കി എല്ലാ ഗ്രാമീണ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കാക്കനാട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമീണ വീടുകളിലും പൈപ്പ് കണക്ഷന്‍ വഴി കുടിവെള്ളമെത്തിക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനം.
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഓരോ പഞ്ചായത്തിലെയും പദ്ധതി പുരോഗതി യോഗം വിലയിരുത്തി. ഭൂമി സംബന്ധമായ എല്ലാ തടസങ്ങളും പരിഹരിച്ച് ഡിസംബറിന് മുന്‍പ് ജോലികള്‍ ടെന്‍ഡര്‍ ചെയ്യണമെന്ന് മന്ത്രി നിര്‍ദേശിച്ചു. എല്ലാ എംഎല്‍എമാരും അവരവരുടെ നിയോജകമണ്ഡലത്തിലെ പദ്ധതി പുരോഗതി വിലയിരുത്തും. ജില്ലാ ഭരണകൂടവും ആവശ്യമായ ഇടപെടല്‍ നടത്തും.
ഒരു നിയോജകമണ്ഡലത്തിന് ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചാര്‍ജ് ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അവലോകന യോഗത്തില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്ത 15 ദിവസത്തിനകം ഇവര്‍ അതത് നിയോജകമണ്ഡലത്തിലെ എംഎല്‍എമാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അതിനു ശേഷമുള്ള അടുത്ത 25 ദിവസത്തിനകം എംഎല്‍എ മാര്‍ അതത് നിയോജകണ്ഡലങ്ങളിലെ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് സൂക്ഷ്മമായ വിലയിരുത്തല്‍ നടത്തി വകുപ്പ് മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കണം.
ജനുവരി ആദ്യവാരം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ പദ്ധതി അവലോകനം ചെയ്യും. ജനുവരി അവസാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. ജനുവരിക്ക് മുന്‍പായി എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണം. കേരളത്തില്‍ 40,000 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. 35 പഞ്ചായത്തുകളില്‍ 100 ശതമാനം കുടിവെള്ളമെത്തിക്കാന്‍ കഴിഞ്ഞു.
ജില്ലയിലെ നഗരസഭകളിലും കോര്‍പ്പറേഷനിലും 13 പഞ്ചായത്തുകളിലും ശുദ്ധജല ലഭ്യതയുടെ പ്രശ്‌നമുണ്ട്. ആലുവയിലെ 190 എം.എ.ല്‍ഡിയുടെ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയാലേ ഈ പ്രശ്‌നം പരിഹരിക്കാനാകൂ. ഓരോ പഞ്ചായത്തിലെയും ജലദൗര്‍ലഭ്യം സംബന്ധിച്ച വിവരങ്ങള്‍ എം.എ.ല്‍എയ്ക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം. നഗരസഭകളിലെയും കോര്‍പ്പറേഷനിലെയും കുടിവെള്ള പ്രശ്‌നം പരിഹാരത്തിന് ഡിസംബറില്‍ എറണാകുളത്ത് പ്രത്യേക യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ തടസങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റോഡ് കട്ടിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ദേശീയ പാത അതോറ്റി, വനംവകുപ്പ്, റെയില്‍വേ എന്നിവയുടെ അനുമതി ലഭിക്കേണ്ട പ്രശ്‌നങ്ങള്‍ എന്നിവയാണ് യോഗം വിലയിരുത്തിയത്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ലയില്‍ 2570 കോടി രൂപയ്ക്കാണ് ഭരണാനുമതി. പദ്ധതി പൂര്‍ത്തീകരണത്തിലൂടെ 3,46,467 വീടുകളില്‍ ശുദ്ധജലമെത്തിക്കാനാകും. 17.5 ലക്ഷത്തോളം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മലയോര മേഖലകളില്‍ വലിയ മാറ്റത്തിന് കാരണമാകുന്ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പി. രാജീവ്, ഹൈബി ഈഡന്‍ എം.പി, എം.എ.ല്‍എമാരായ കെ.ബാബു, കെ.എന്‍. ഉണ്ണികൃഷ്ണന്‍, ടി.ജെ. വിനോദ്, ഉമ തോമസ്, അന്‍വര്‍ സാദത്ത്, മാത്യു കുഴൽ നാടൻ, കലക്ടര്‍ ഡോ. രേണു രാജ്, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.