സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കുമെന്ന് റോഷി അഗസ്റ്റിൻ
text_fieldsകൊച്ചി: സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി 8.5 കോടി രൂപ ചെലവവിൽ നടപ്പിലാക്കുന്ന കോട്ടപ്പടി ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്. കോതമംഗലം നിയോജക മണ്ഡലത്തിൽ ആകെ 291 കോടിയുടെ കുടിവെള്ള പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. പദ്ധതികളുടെ നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കും. ലോകമെമ്പാടും നേരിടുന്ന പ്രശ്നമാണ് കുടിവെള്ള ക്ഷാമം.
കേരളത്തിലും ഭൂഗർഭ ജലത്തിന്റെ അളവ് താഴുകയാണ്. ഈ സാഹചര്യത്തിൽ ചെറുകിട കുടിവള്ള പദ്ധതികളെക്കാൾ കേന്ദ്രീകൃതമായ പദ്ധതികളാണ് പ്രയോഗികമാവുക എന്നും അദ്ദേഹം പറഞ്ഞു.
ജലസേചനത്തിന്റെ കാര്യത്തിലും കൂടുതൽ പ്രായോഗിക നടപടികളുമായാണ് വകുപ്പ് മുൻപോട്ട് പോകുന്നത്. കാർഷിക സൗഹൃദ നയത്തിലൂന്നിയാണ് വകുപ്പിന്റെ പ്രവർത്തനം. നാണ്യ വിള കൃഷികൾക്ക് കൂടി ജലം ലഭ്യമാക്കാനുള്ള ശ്രമം വിജയകരമായി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചേറങ്ങനാൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,വാട്ടർ അതോറിറ്റി മധ്യമേഖല ചീഫ് എഞ്ചിനീയർ ടി.എസ് സുധീർ,
ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആഷ ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.