കെട്ടിട നിർമാണം ഇനി ചെലവേറും: പാറയുടെയും ക്വാറി ഉൽപന്നങ്ങളുടെയും വില ഉയരും
text_fieldsതിരുവനന്തപുരം: റോയൽറ്റി തുക ഇരട്ടിയാക്കി സർക്കാർ ഉത്തരവായതോടെ സംസ്ഥാനത്ത് പാറയുടെയും ക്വാറി ഉൽപന്നങ്ങളുടെയും വില കൂടും. ഇത് വീടുകൾ അടക്കമുള്ള കെട്ടിടനിർമാണത്തിനുള്ള ചെലവ് കൂട്ടും. സർക്കാറിന് ലഭിക്കേണ്ട വരുമാനച്ചോർച്ച തടയുന്നതിനും റോയൽറ്റിയും ധാതുവിന്റെ വിലയും കാലാനുസൃതമായി വർധിപ്പിക്കുന്നതിനുമുള്ള ഭേദഗതികൾ ശനിയാഴ്ച പ്രാബല്യത്തിൽ വരുന്നതോടെയാണ് വില ഉയരുക.
600 കോടി രൂപയുടെ നികുതി ഇതര വരുമാനം ലക്ഷ്യമിട്ടാണ് ഖനനമേഖലയിലെ വ്യവസ്ഥകൾ കർക്കശമാക്കിയും നിരക്കുകൾ വർധിപ്പിച്ചും ഉത്തരവായത്. പാറയടക്കം ഖനന വസ്തുക്കൾക്ക് മൂന്നുവർഷം കൂടുമ്പോൾ റോയൽറ്റി വർധിപ്പിക്കാമെങ്കിലും സംസ്ഥാനത്ത് 2015ന് ശേഷം വർധന വരുത്തിയിട്ടില്ലെന്ന് മന്ത്രി പി. രാജീവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ക്വാറികളിലെ റോയൽറ്റി വെട്ടിപ്പ് തടയുന്നതിനും കടുത്ത നടപടികൾ ശനിയാഴ്ച നിലവിൽ വരും. നേരേത്ത ഖനനമേഖലയുടെ വിസ്തീർണം കണക്കാക്കിയാണ് റോയൽറ്റി നിശ്ചയിച്ചത്. ഇനി ധാതുവിന്റെ അളവിനനുസരിച്ചായിരിക്കും റോയൽറ്റി. ഖനനം ചെയ്യുന്നതിന് മുഴുവൻ റോയൽറ്റി അടക്കണം. അനധികൃത ഖനനത്തിന് റോയൽറ്റിയുടെ രണ്ട് മടങ്ങായിരുന്ന പിഴ നാലാക്കി വർധിപ്പിച്ചു.
ക്വാറിയിങ് പെർമിറ്റ് കാലാവധി ഒരുവർഷം എന്നത് മൂന്നുവർഷമാക്കിയും ഉയർത്തി. ഒരു ഹെക്ടറിൽ കൂടുതലുള്ള സ്ഥലത്തെ ക്വാറിയിങ് ലൈസൻസ് കാലാവധി 12 വർഷമായിരുന്നത് 15 ആക്കി. കാലാവധിക്കുശേഷം ഖനനത്തിനുള്ള പിഴ 25,000 ത്തിൽനിന്ന് മൂന്ന് ലക്ഷമായും നിക്ഷേപം ഒരു ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷമായും ഉയർത്തി.
അനധികൃത ഖനനം കണ്ടെത്താൻ എല്ലാ ജില്ലയിലും സ്ക്വാഡ് ഉണ്ടാകും. 15 അസിസ്റ്റന്റ് ജിയോളജിസ്റ്റ് പോസ്റ്റുകൾക്ക് അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.