10 കോടി രൂപ കുടിശ്ശിക: ആർ.സി പ്രിന്റിങ് വീണ്ടും പ്രതിസന്ധിയിൽ, പ്രതിദിനം അച്ചടിക്കേണ്ടത് 21,000 കാര്‍ഡുകൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ ആർ.സി പ്രിന്റിങ്ങിൽ വീണ്ടും പ്രതിസന്ധി. കരാർ എടുത്ത കമ്പനിക്ക് തുക കുടിശ്ശികയായായോടെ മൂന്നു ദിവസമായി പ്രിന്റിങ് നിശ്ചലമാണ്. തിങ്കളാഴ്ച കുടിശ്ശിക തീർക്കാൻ ഇടപെടലുണ്ടായില്ലെങ്കിൽ ലൈസൻസ് പ്രിന്റിങ്ങും പ്രതിസന്ധിയിലാകും. പണം അനുവദിക്കുന്നതിലെ പിഴവ് മൂലം നവംബർ ഒരു മാസത്തിലേറെ പ്രിന്റിങ് മുടങ്ങിയതിന്റെ ആഘാതം ക്രമേണ കുറഞ്ഞുവരുന്നതിനിടെയാണ് വീണ്ടും പ്രതിസന്ധി.
കരാറെടുത്ത ഏജൻസിക്ക് 10 കോടിയോളം രൂപ സർക്കാർ നൽകാനുണ്ട്. സംസ്ഥാനത്തെ 86 ഓഫിസുകളിലും സ്വീകരിക്കുന്ന അപേക്ഷകളില്‍, ആര്.സിയും ലൈസന്‍സും കൊച്ചി തേവരയിലെ ഓഫിസില്‍നിന്നാണ് തയാറാക്കുന്നത്. ആർ.സിയും ലൈസൻസുമായി 21,000 കാര്‍ഡുകളാണ് പ്രതിദിനം അച്ചടിക്കുന്നത്. എന്നാൽ, ഇപ്പോൾ സേവനങ്ങൾക്ക് ഓൺലൈനായി ശ്രമിക്കുമ്പോൾ ‘ആപ്ലിക്കേഷൻ പെൻഡിങ്’ എന്നാണ് കാണിക്കുന്നത്.
കാർഡുകളുടെ പ്രിന്റിങ് പൂർത്തിയായാലേ തുടർസേവനങ്ങൾക്ക് കഴിയൂ. ഉടമസ്ഥാവകാശം മാറ്റിയശേഷം രജിസ്ട്രേഷന് പുതുക്കേണ്ട വാഹനങ്ങളുണ്ട്. ഇതില്‍ ആര്.സി പ്രിന്റ് എടുക്കാതെ അടുത്ത അപേക്ഷ സ്വീകരിക്കില്ല. ഫുൾകവറേജ് ഇൻഷുറസുള്ള വാഹനങ്ങൾ വിൽക്കുമ്പോൾ ആർ.സിയിൽ മാത്രമല്ല, ഇൻഷുറൻസിലും പേര് മാറ്റണം. ഇതിന് ആർ.സി വേണം.
അപേക്ഷകരില്‍നിന്നും കാര്‍ഡിന് മൂന്നിരട്ടിയിലധികം തുക മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കുന്നുണ്ട്. ഫീസായി ഈടാക്കുന്ന 245 രൂപയിൽ 140 രൂപ മോട്ടോർ വാഹനവകുപ്പിനാണ്. 60 രൂപ പ്രിന്റിങ് ഫീസ്. 45 രൂപ തപാൽ ചാർജും. നേരത്തേ താപാൽ ചാർജ് 41 രൂപയാണ്. ഈ ഇനത്തിലും അപേക്ഷയൊന്നിൽ നാലു രൂപ സർക്കാറിന് ലാഭമാണ്. ഇത്തരത്തിൽ അപേക്ഷകരിൽനിന്ന് ഫീസ് മുൻകൂട്ടി വാങ്ങിയ ശേഷമാണ് ഈ അനാസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.