പാലക്കാട് റെയിൽവേ ഡിവിഷൻ ടിക്കറ്റ് വരുമാനം 212.15 കോടി
text_fieldsപാലക്കാട്: കോവിഡ് വ്യാപനം തടയാൻ യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിട്ടും നടപ്പുവർഷത്തിെൻറ ആദ്യ നാല് മാസങ്ങളിൽ പാലക്കാട് ഡിവിഷൻ പരിധിയിൽ ട്രെയിൻ മാർഗം യാത്ര ചെയ്തത് 29 ലക്ഷത്തിലധികം ആളുകൾ. സാമ്പത്തിക വർഷത്തിെൻറ ആദ്യ നാല് മാസങ്ങളിൽ യാത്ര ടിക്കറ്റ് ഇനത്തിൽ ഡിവിഷെൻറ ആകെ വരുമാനം 212.15 കോടി രൂപയിൽ എത്തിയതായി റെയിൽവേ ഡിവിഷനൽ മാനേജർ തൃലോക് കോത്താരി അറിയിച്ചു.
ഡിവിഷൻ ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുമാസത്തിനകം 1.416 മെട്രിക് ടൺ ചരക്കുകൾ ഡിവിഷൻ കൈകാര്യം ചെയ്തു.
ഇത് മുൻ വർഷം ഇതേ കാലയളവിനേക്കാൾ 60 ശതമാനം കൂടുതലാണ്. മംഗളൂരു ജങ്ഷൻ, കാസർകോട്, തലശ്ശേരി, വടകര, വാണിയമ്പലം, പാലക്കാട് ജങ്ഷൻ എന്നിവിടങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ആറ് ഫൂട്ട് ഓവർ ബ്രിഡ്ജുകൾ കമീഷൻ ചെയ്തു. ഈ വർഷം ആെറണ്ണം പൂർത്തിയാക്കും.
കാസർകോട്, കാഞ്ഞങ്ങാട്, മംഗളൂരു ജങ്ഷൻ എന്നിവിടങ്ങളിൽ ലിഫ്റ്റുകൾ സ്ഥാപിച്ചു. ഒറ്റപ്പാലത്തും കൊയിലാണ്ടിയിലും ലിഫ്റ്റിനായുള്ള ജോലികൾ പുരോഗമിക്കുന്നു. മംഗളൂരു സെൻട്രലിൽ എസ്കലേറ്റർ സ്ഥാപിക്കാനായി ടെൻഡർ നൽകി. കോഴിക്കോട്ട് രണ്ട് എസ്കലേറ്ററുകൾ സ്ഥാപിക്കുന്ന പ്രവൃത്തി വർഷാവസാനത്തോടെ പൂർത്തിയാക്കും. പാലക്കാട്ട് മൂന്നും തിരൂരിൽ രണ്ടും കണ്ണൂരിൽ ഒന്നും എസ്കലേറ്ററുകൾ ഇൗ വർഷം അവസാനത്തോടെ സ്ഥാപിക്കും.
മംഗളൂരു ജങ്ഷൻ, കാസർകോട്, കുമ്പള, കാഞ്ഞങ്ങാട് വടകര എന്നീ സ്റ്റേഷനുകളിൽ അഡീഷനൽ പ്ലാറ്റ്ഫോം ഷെൽട്ടറുകൾ സ്ഥാപിച്ചു.
നാദാപുരം റോഡ്, ഫറോക്ക്, ചന്തേര, താനൂർ, വാണിയമ്പലം എന്നീ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം വിപുലീകരിച്ചു. ഷൊർണൂർ ജങ്ഷനിലെ നാല്, അഞ്ച്, ആറ്, എഴ് പ്ലാറ്റ്ഫോമുകളിൽ രണ്ട് പുതിയ കാത്തിരിപ്പ് ഹാളുകൾ കമീഷൻ ചെയ്തു. കോവിഡ് രോഗികൾ ട്രെയിനിൽ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കോഴിക്കോട്, ഷൊർണൂർ ജങ്ഷൻ, മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ സ്റ്റേഷനുകളിൽ തെർമൽ സ്കാനിങ് കാമറ സംവിധാനങ്ങൾ സ്ഥാപിച്ചതായും ഡി.ആർ.എം അറിയിച്ചു. സുരക്ഷ ശക്തിപ്പെടുത്താനായി, തിരഞ്ഞെടുത്ത പത്ത് സ്റ്റേഷനുകളിൽ 300 കാമറകൾ സ്ഥാപിച്ചു.
ആർ.പി.എഫ് രക്ഷിച്ചത് 72 കുട്ടികളെ
പാലക്കാട്: ഓടിപ്പോയ 72 കുട്ടികളെ കഴിഞ്ഞ നാലു മാസത്തിനിടെ റെയിൽവേ സുരക്ഷ സേന രക്ഷിച്ചതായി ഡി.ആർ.എം അറിയിച്ചു. 11 സ്ത്രീകളടക്കം 24 കാണാതായവരെ കണ്ടെത്താൻ ആർ.പി.എഫ് സഹായിച്ചു. ആർപിഎഫ് 1.9 കോടി രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു. കഞ്ചാവ്, ഹഷീഷ് ഓയിൽ, പുകയില ഉൽപന്നങ്ങൾ, അനധികൃത മദ്യം തുടങ്ങിയ ട്രെയിനുകളിലെ കള്ളക്കടത്ത് തടയാനും ആർ.പി.എഫിന് കഴിഞ്ഞതായും ഡി.ആർ.എം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.